കോട്ടയം: നാലിനു നടക്കുന്ന വോട്ടെണ്ണലിനോടനുബന്ധിച്ച് കർശനമായ സുരക്ഷ ഒരുക്കി ജില്ല പൊലീസ്. ജില്ലയില്‍ 2000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. നിലവിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെയാണ് കൂടുതൽ പൊലീസിനെ വിന്യസിക്കുന്നത്. ജില്ല പൊലീസിന് പുറമേ കേന്ദ്രസേന ഉൾപ്പെടെ സായുധ സേനയെ ഉൾപ്പെടുത്തി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷാ വലയമാണ് തീർത്തിരിക്കുന്നത്. അടിയന്തരസാഹചര്യം നേരിടുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച ദ്രുതകർമ സേനയെയും സ്ട്രൈക്കർ ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലങ്ങളോടനുബന്ധിച്ച് പ്രകടനങ്ങളും മറ്റും നിയന്ത്രിക്കുന്നതിനും മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ഓരോ സബ് ഡിവിഷനിലെയും ഡിവൈ.എസ്.പി മാരുടെ കീഴിൽ സ്റ്റേഷൻ എസ്.എച്ച്.ഒ മാരെ ഉൾപ്പെടുത്തി പ്രത്യേകം സ്ട്രൈക്കർ ഫോഴ്സിനെയും നിയോഗിക്കും. കൗണ്ടിങ് സെന്റർ കേന്ദ്രീകരിച്ച് പ്രത്യേകം ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതായും എസ്.പി കെ. കാർത്തിക്പറഞ്ഞു. രാവിലെ ഏഴു മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ:-
കോട്ടയം ഭാഗത്ത് നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും മുളങ്കുഴ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മാവിളങ്ങ്/ ഗോമതികവലയിലെത്തി പോകണം. ചങ്ങനാശേരി ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും ഗോമതികവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് മുളങ്കുഴ/കഞ്ഞിക്കുഴി എത്തിപോകണം. പൊതു ജനങ്ങളുടേയും രാഷ്ട്രീയ പ്രവർത്തകരുടേയും വാഹനങ്ങൾ ഈരയിൽ കടവ് ബൈപ്പാസ്, മണിപ്പുഴ ജങ്ഷനു സമീപമുള്ള ഗ്രൗണ്ട്, സിമൻറ് കവലയിൽ നിന്നുമുള്ള ബൈപ്പാസ്, ലുലു മാൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
മണിപ്പുഴ മുതൽ മറിയപ്പള്ളി വരെയുള്ള സ്ഥലത്ത് പാർക്കിങ് അനുവദിക്കുന്നതല്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പൊൻകുന്നത്ത് കാവ് ടെമ്പിൾ ഗ്രൗണ്ട്, മറിയപ്പള്ളി സ്കൂൾ ഗ്രൗണ്ട്, ഗവ. പോളി ടെക്നിക് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ജില്ല ഭരണകൂടത്തിന്റെ പാസ്സ് അനുവദിച്ചിട്ടുള്ളവർക്ക് മാത്രമേ കൗണ്ടിങ് സെൻററിൽ പ്രവേശനമുള്ളൂ. കൗണ്ടിങ് ദിവസം മറിയപ്പള്ളി മുതൽ മുളങ്കുഴ വരെയുള്ള സ്ഥലത്ത് വാഹനങ്ങൾക്കോ പൊതു ജനങ്ങൾക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ജില്ല ഭരണകൂടത്തിന്റെ പാസ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.