കോട്ടയം: ഏറ്റുമാനൂർ ക്ഷേത്ര മൈതാനത്ത് താൽകാലിക വേലി കെട്ടി തിരിച്ച സ്ഥലത്തിനുള്ളിൽ ചിറപ്പ് പന്തൽ, പിൽഗ്രിം ഷെൽട്ടർ എന്ന പേരിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് ദേവസ്വം ബോർഡ് പിന്തിരിയണമെന്ന് വിവിധ ഹൈന്ദവ സംഘടനകൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ കിഴക്കും തെക്കും ഭാഗത്ത് പൂർത്തീകരിക്കാത്ത നടപ്പന്തൽ, ക്ഷേത്ര മൈതാന ചുറ്റുമതിലിന്റെ ശോച്യാവസ്ഥ, ഗോശാലയുടെ ജീർണാവസ്ഥ, ശൗചാലയങ്ങൾ എന്നിവക്കൊന്നും പരിഹാരം കാണാത്ത ദേവസ്വം ബോർഡ് ലക്ഷങ്ങൾ മുടക്കി അനാവശ്യ നിർമാണങ്ങൾ നടത്തുന്നത് ധൂർത്തിനും അഴിമതിക്കും സാഹചര്യം ഒരുക്കാനാണ്. കല്യാണമണ്ഡപത്തിൽ നിന്ന് 10 മീറ്റർ പടിഞ്ഞാറോട്ട് മാറി യാതൊരു നിർമിതികളും പാടില്ല എന്ന 2015ലെ ഹൈകോടതി ഉത്തരവ് ലംഘിക്കുന്നത് ദേവഹിതത്തിന് വിരുദ്ധമാണ്.
ഉത്സവ ദിവസങ്ങളിലും മറ്റ് ആട്ടവിശേഷങ്ങൾക്കും ക്ഷേത്രത്തിൽ എത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളെ ഉൾക്കൊള്ളാൻ നിലവിലുള്ള തുറസായ സ്ഥലം പോലും തികയില്ലെന്നിരിക്കെ പുതിയ നിർമാണ പ്രവർത്തനങ്ങൾ അപകടസാധ്യത വർധിപ്പിക്കും. നിർമാണ അനുമതിക്കായി മുനിസിപ്പാലിറ്റിയിൽ ദേവസ്വം നൽകിയിട്ടുള്ള അപേക്ഷയോടൊപ്പം കെട്ടിടത്തിന്റെ അളവ് രേഖപ്പെടുത്തി സമർപ്പിച്ചിട്ടില്ല.
ദേവഹിതം നോക്കാതെ, കോടതി ഉത്തരവുമാനിക്കാതെ, ഭക്തജന അഭിപ്രായങ്ങൾ ശേഖരിക്കാതെ നടത്തുന്ന പ്രവൃത്തിക്കെതിരെ ഭക്തജന സംഘടനകൾ പ്രതിഷേധം ഉയർത്തും. 14ന് ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഭക്തജനങ്ങൾ ഉപവസിക്കും. ദേവസ്വം ബോർഡ് നടപടിയിൽ നിന്ന് പിന്മാറാത്ത പക്ഷം തുടർ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജു, ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി. രാജഗോപാൽ, ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് കെ.പി. സഹദേവൻ, വിശ്വഹിന്ദു പരിഷത്ത് ജില്ല സെക്രട്ടറി സി. മോഹൻ ചന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം വി.എൻ. സോമൻ, ആറാട്ട് എതിരേൽപ് സമിതി പ്രസിഡന്റ് ശ്രീജിത്ത് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.