കോട്ടയം: സാമൂഹിക മാധ്യമങ്ങൾ പ്രചാരണ വഴി നിശ്ചയിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണികളുടെയും സ്ഥാനാർഥികളുടെയും പ്രചാരണ തന്ത്രങ്ങൾക്കും വിനിമയ രീതികൾക്കും ഇത്തവണ പ്രഫഷനലുകൾ ചുക്കാൻ പിടിക്കും. പരമ്പരാഗത രീതികൾക്കു പകരം സാമൂഹിക മാധ്യമ പ്രചാരണവും മറ്റു ഹൈടെക് സമ്പ്രദായങ്ങളും മുന്നിട്ടു നിൽക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്നു വ്യക്തമായതോടെയാണ് പ്രഫഷനൽ ഏജൻസികൾക്കു വൻ തുക നൽകി കളം പിടിക്കാൻ പ്രമുഖ പാർട്ടികളും മുന്നണികളും തീരുമാനിച്ചത്.
പ്രഫഷനൽ സമ്പ്രദായങ്ങളിലൂടെ സ്ഥാനാർഥികളുടെ ‘ഇമേജ്’ കൂട്ടുകയാണു ലക്ഷ്യം. പരമ്പരാഗത മാധ്യമങ്ങൾക്കും സാമൂഹിക മാധ്യമങ്ങൾക്കും വെവ്വേറെ തന്ത്രം ആവിഷ്കരിച്ചാണ് പ്രചാരണ ഒരുക്കങ്ങൾ. പ്രമുഖരായ സിറ്റിങ് എം.എൽ.എമാരും നേതാക്കളും സ്വന്തം നിലക്കു തന്നെ ഇതിനായി ഏജൻസികളെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്‍റെ പേരിൽ കോൺഗ്രസിനെ പഴി പറഞ്ഞുനടന്ന സി.പി.എമ്മും ഇടതു മുന്നണിയും കേരളത്തിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും പ്രചാരണത്തിനു പരസ്യ-പി.ആർ ഏജൻസികളെ ഏർപ്പെടുത്തിക്കഴിഞ്ഞു. മേഖല തിരിച്ചും ജില്ല തിരിച്ചുമൊക്കെ വ്യത്യസ്ത ഏജൻസികൾക്കാണു ചുമതല. ഓരോ മണ്ഡലത്തിന്‍റെയും ചുമതല ഇവരുടെ കീഴിൽ പ്രത്യേക ടീമിനായിരിക്കും.
സ്ഥാനാർഥി പ്രഖ്യാപനമുണ്ടായാലുടൻ പ്രവർത്തനം തുടങ്ങത്തക്ക വിധം മിക്ക മണ്ഡലങ്ങളിലും ടീം സജ്ജമായിക്കഴിഞ്ഞു. ഭേദപ്പെട്ട വേതനവും മറ്റു സൗകര്യങ്ങളുമാണ് ടീം അംഗങ്ങൾക്ക് ഓഫർ ചെയ്തിരിക്കുന്നത്. പ്രചാരണ സാമഗ്രികൾക്കും മറ്റു ചെലവുകൾക്കും പുറമെ ഈ ഏജൻസികളുടെ പ്രതിഫലം ഒരു മണ്ഡലത്തിലേക്കു ശരാശരി 15-20 ലക്ഷം വരുമെന്നാണു വിവരം. മോഹൻലാലിന്‍റെ േബ്ലാക്ക് ബസ്റ്റർ സിനിമ ‘ലൂസിഫറിൽ’ ടൊവിനോ തോമസ് അവതരിപ്പിച്ച യുവ രാഷ്ട്രീയ നേതാവ് ജതിൻ രാമദാസിനെ പ്രസംഗം പഠിപ്പിച്ചും മേക്കപ്പിട്ടും പി.ആർ സംഘം പ്രതിച്ഛായ നിർമിതിക്കു ശ്രമിച്ചതു പോലെ കക്ഷിഭേദമന്യേ നേതാക്കളുടെ ഹാസ്യവും ആക്ഷനും മറ്റു ഭാവഹാവാദികളും സോഷ്യൽ മീഡിയകളിൽ നിറക്കുന്ന പി.ആർ സംഘങ്ങൾ മുമ്പേ തന്നെ കളം പിടിച്ചിട്ടുണ്ട്.
പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും നേട്ടങ്ങൾ ഉദ്ഘോഷിച്ചു സർക്കാർ ചെലവിൽ നടക്കുന്ന കോടികളുടെ പ്രചാരണ പരിപാടികൾക്കും സംസ്ഥാന തല പ്രചാരണ പരിപാടികൾക്കും പുറമെയാണ് പരസ്യ-പി.ആർ കമ്പനികൾ മുഖേനയുള്ള മണ്ഡല തല പ്രചാരണം. ഇതര മുന്നണികളും ഇതേ രീതി പിന്തുടരുന്നതോടെ ഏജൻസികൾക്ക് തെരഞ്ഞെടുപ്പ് കാലം ചാകരയായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.