കൈകൾകെട്ടി വേമ്പനാട്ട് കായൽ
നീന്തിക്കടന്ന വൈക്കം വാർവിൻ സ്കൂൾ
ആറാം ക്ലാസ് വിദ്യാർഥി ബദ്രി ആർ. നാഥ് ആഹ്ലാദം പങ്കിടുന്നു
വൈക്കം: കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടന്ന് 11കാരൻ. വൈക്കം പടിഞ്ഞാറക്കര ചെമ്മാടി ഭവനിൽ റിനോഷിന്റെയും ജിഷയുടെയും മകൻ വൈക്കം വാർവിൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ബദ്രി ആർ. നാഥാണ് കൈകൾ ബന്ധിച്ച് 12 കിലോമീറ്റർ കയൽ നീന്തിയത്.
ചേർത്തല കാര്യാട്ട് കടവിൽനിന്ന് രാവിലെ ഏഴോടെ നീന്തൽ ആരംഭിച്ച ബദ്രി 9.40ന് വൈക്കം കായലോര ബീച്ച് തൊട്ട് റെക്കോർഡ് ബുക്കിൽ ഇടംനേടി. ചെറുപ്രായത്തിൽ നീന്തലിനോട് താൽപര്യം ഉണ്ടായിരുന്ന ഈ മിടുക്കൻ കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ ആറു മാസം മൂവാറ്റുപുഴ ആറ്റിൽ പരിശീലനം നടത്തിയാണ് കായൽ നീന്താനിറങ്ങിയത്.
ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. നടുക്കായലിൽ എത്തിയപ്പോൾ ശക്തമായ ഒഴുക്കിനെ പ്രതിരോധിച്ച് നീന്തി കയറാൻ ബദ്രി വിഷമിച്ചപ്പോൾ മുമ്പ് കായൽ നീന്തി കയറിയിട്ടുള്ള മൂന്നു കുട്ടികൾ കായലിൽ ചാടി നീന്തി ബദ്രിക്ക് പിൻബലമേകി. ബീച്ചിൽ നടന്ന അനുമോദന യോഗം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു അധ്യക്ഷതവഹിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർമാൻ ഡി. രഞ്ജിത്ത്കുമാർ, സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക, ഉദയനാപുരം പഞ്ചായത്തംഗം ദീപേഷ്, പരിശീലകൻ ബിജു തങ്കപ്പൻ, അധ്യാപകർ, കൂട്ടുകാർ, ബന്ധുക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.