ലഹരി വസ്തുക്കളുമായി പൊലീസ് പിടിയിലായ യുവാക്കൾ

വൻ രാസലഹരി വേട്ട; രണ്ടു യുവാക്കൾ പിടിയിൽ

വൈക്കം: രാസലഹരി വസ്തുക്കളുമായി രണ്ടു യുവാക്കളെ പൊലീസ് പിന്തുടർന്നു പിടികൂടി. ഏറ്റുമാനൂര്‍ തെള്ളകം തടത്തില്‍പറമ്പില്‍ നാദിര്‍ഷ(26), ആര്‍പ്പൂക്കര വില്ലൂന്നി കണിച്ചേരില്‍ വീട്ടില്‍ ആല്‍ബിന്‍ ബാബു(24) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘം പിടികൂടിയത്.

തലയോലപ്പറമ്പ് തലപ്പാറയ്ക്ക് സമീപം ചൊവ്വാഴ്ച വൈകുന്നേരം നര്‍ക്കോട്ടിക് സ്‌പെഷല്‍ സംഘം കാറിന് കൈകാണിച്ചെങ്കിലും നിർത്താതെ അമിതവേഗത്തില്‍ കോട്ടയം ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ പൊലീസ് സംഘം മുട്ടുചിറ പട്ടാളമുക്കിന് സമീപം കാർ തടഞ്ഞാണ് പ്രതികളെയും മയക്കമരുന്നും കസ്റ്റഡിയിലെടുത്തത്.

ഡാന്‍സാഫ് സംഘം സാന്‍ട്രോ കാറിന്‍റെ ചില്ല് കല്ലിനെറിഞ്ഞ് പൊട്ടിച്ചശേഷമാണ് വാഹനം നിര്‍ത്താന്‍ യുവാക്കള്‍ തയാറായത്. ടിന്നില്‍ സൂക്ഷിച്ചിരുന്ന 147.07 ഗ്രാം എം.ഡി.എം.എ ഇവരില്‍നിന്ന് കണ്ടെത്തി. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണിത്. ബംഗളൂരുവില്‍നിന്ന് കാറില്‍ ലഹരി കടത്തുന്നതായ രഹസ്യവിവരം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

വൈക്കം തഹസില്‍ദാര്‍ ബിബിന്‍ ഭാസ്‌കര്‍ സ്ഥലത്തെത്തി പരിശോധനക്ക് മേല്‍നടപടി സ്വീകരിച്ചു. കടുത്തുരുത്തി പൊലീസ് സംഘവും എത്തിയിരുന്നു.

കോട്ടയം ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ രാസലഹരി വേട്ടയാണിത്. ചൊവ്വാഴ്ച വെട്ടിക്കാട്ടുമുക്ക്-തലയോലപ്പറമ്പ് റോഡിൽ തലപ്പാറ ജങ്ഷന് സമീപം കാറില്‍ കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായിരുന്നു. കുറവിലങ്ങാട് ചാലാശ്ശേരി വീട്ടിൽ അമൽ മധു (25), പാലാ പൈങ്കുളം വള്ളിച്ചിറ പാറയിൽ വീട്ടിൽ അശ്വിൻ (23) എന്നിവരാണ് പിടിയിലായത്. എറണാകുളത്തുനിന്ന് മാരുതി ആൾട്ടോ കാറിൽ വിൽപ്പനക്കു കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്.

പൊലീസ് പിന്തുടർന്ന് വാഹനം പിടിക്കുന്നതിനിടെ മൂന്നംഗ സംഘത്തിലെ ഒരാൾ കാറിൽനിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. പിടിയിലായവരിൽ അമൽ മധു കുറവിലങ്ങാട് ഉൾപ്പടെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Massive drug bust; Two youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.