കോട്ടയം: ഗവ. നഴ്സിങ് കോളജിലുണ്ടായ റാഗിങ്ങിൽ പ്രതിഷേധിച്ച് ആശുപത്രി പരിസരത്ത് നടക്കുന്ന രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും സമരത്തിൽ ബുദ്ധിമുട്ടിലായത് നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും. മെഡിക്കൽ കോളജ് വളപ്പിനുള്ളിലാണ് റാഗിങ് നടന്ന ഹോസ്റ്റലും നഴ്സിങ് കോളജും. അത്യാസന്ന നിലയിൽ ഹൃദയസംബന്ധമായ അസുഖങ്ങളുമായി എത്തുന്ന രോഗികൾ കിടക്കുന്ന കാർഡിയോളജി ബ്ലോക്കിന് സമീപമാണ് നഴ്സിങ് കോളജ്. ഇതിന് മുന്നിലാണ് പൊലീസ് ബാരിക്കേഡ് കെട്ടി പ്രതിഷേധക്കാരെ തടഞ്ഞത്. രണ്ടുദിവസം തുടർച്ചയായി സമരങ്ങളിൽ പൊലീസിന് പലതവണ ജലപീരങ്കി പ്രയോഗിക്കേണ്ടിവന്നു. അഞ്ച് ജില്ലകളിൽ നിന്നുള്ള രോഗികളാണ് കോട്ടയം മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നത്. മരണത്തോട് മല്ലടിക്കുന്നവർക്ക് മുമ്പിലൂടെ മുദ്രാവാക്യങ്ങളുമായി സമരക്കാർ എത്തുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
അഞ്ച് പ്രവേശന കവാടങ്ങളാണ് മെഡിക്കൽ കോളജിനുള്ളത്. ഒന്നാമത്തേത് കോട്ടയം മെഡിക്കൽ കോളജിന്റെതാണ്. രണ്ടാമത്തേത് പേ വാർഡിലേക്ക് തുറക്കുന്നതും മൂന്നാമത്തേത് മോർച്ചറിക്ക് മുന്നിലേതും നാലാമത്തേത് അത്യാഹിത വിഭാഗത്തിലേക്ക് തുറക്കുന്നതുമാണ്. അഞ്ചാം ഗേറ്റ് കസ്തൂർബ ജങ്ഷനിൽ നിന്നുള്ളതാണ്. സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിന്റെ നിർമാണത്തെ തുടർന്ന് പേവാർഡിലേക്കുള്ള രണ്ടാം ഗേറ്റ് അടച്ച നിലയിലാണ്. ഇതിനാൽ പ്രധാനഗേറ്റ് വഴി അത്യാഹിത ബ്ലോക്കിന് മുന്നിലൂടെയാണ് സമരക്കാർ നഴ്സിങ് കോളജിലേക്ക് എത്തിയത്. തിരികെപ്പോകുന്നതും ഇതുവഴിയാണ്.
ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി മിനിട്ടുകളുടെ ഇടവേളകളിലാണ് ആംബുലൻസുകൾ അത്യാഹിത വിഭാഗത്തിലെത്തുന്നത്. പ്രതിഷേധക്കാർക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ തടയാതെ മറ്റു ഗേറ്റുകളിൽ സമരം നടത്താനുള്ള അവസരമുണ്ട്. പൊലീസിന് സമരക്കാരെ ആശുപത്രി വളപ്പിനുള്ളിൽ കയറ്റാതെ വെളിയിലുള്ള ഗേറ്റുകളിൽ തടയുകയും ചെയ്യാം. സമരക്കാർ കടന്നുപോകാതെ മരുന്നിനോ പരിശോധനക്കോ പോകാൻ കഴിയാത്ത അവസ്ഥയിലാണ് രോഗികളും കൂട്ടിരുപ്പുകാരും. പ്രതിഷേധങ്ങളോടുള്ള എതിർപ്പല്ല, മറിച്ച് അവ രോഗികളെ ബുദ്ധിമുട്ടിച്ചാവരുതെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാരുടെ അഭിപ്രായം. വിവിധ കാരണങ്ങളിൽ മെഡിക്കൽ കോളജ് പരിസരത്ത് നടത്തുന്ന സമരങ്ങളിൽ അധിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത് അത്യാസന്ന നിലയിൽ എത്തിക്കുന്ന രോഗികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.