കോട്ടയം: ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസ് ആക്രമിച്ച് തകർക്കുകയും കല്ലും തീപ്പന്തവും എറിയുകയും ചെയ്ത സംഭവത്തിൽ എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ വെസ്റ്റ് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞദിവസം രാത്രിയിൽ നഗരത്തിൽ പ്രകടനം നടത്തിയവർക്കെതിരെയാണ് കേസ്.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ. മിഥുൻ (അമ്പിളി) ഉൾപ്പെടെ എട്ടോളംപേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ബാക്കിയുള്ളവരെ കണ്ടുപിടിക്കാൻ പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച പുലർച്ച രണ്ടോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തുകയും ഡി.സി.സി ഓഫിസ് അടിച്ചുതകർക്കുകയും ചെയ്തത്.
നേരത്തേയുണ്ടായ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ചിന്റു കുര്യൻ ജോയിക്കും കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളിക്കും പരിക്കേറ്റിരുന്നു. ഈ കേസിൽ പ്രതികൾക്ക് ജാമ്യവും നൽകിയിരുന്നു. ഇതേ സംഘം തന്നെയാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.