കോട്ടയം: വഴി സംബന്ധിച്ച പരാതിയിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് അയ്മനം പഞ്ചായത്ത് ഓഫിസ് അടിച്ചുതകർത്ത് സ്ത്രീ. പഞ്ചായത്തിന്റെ പരാതിയിൽ ഇവരെ അറസ്റ്റ് ചെയ്തു. മുട്ടേല്‍ കോളനി സ്വദേശി ശ്യാമളയാണ് (64) അറസ്റ്റിലായത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ കാബിന്റെ ചില്ലുകളാണ് ഇരുമ്പുകമ്പി ഉപയോഗിച്ച് അടിച്ചുതകർത്തത്.
മുട്ടേല്‍ കോളനിയിലേക്കുള്ള വഴി കൈയേറിയതായും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ നേരത്തേ പരാതി നൽകിയിരുന്നു. പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയാൻ കഴിഞ്ഞയാഴ്ച വിവരാവകാശവും നൽകി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പഞ്ചായത്ത് ഓഫിസിലെത്തിയ കൈയിൽ പൊതിഞ്ഞുപിടിച്ചിരുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് ആദ്യം സെക്രട്ടറിയുടെ കാബിന്റെ ചില്ലുകളും പിന്നാലെ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും കാബിനുകളുടെ ചില്ലുകളും അടിച്ചുപൊട്ടിക്കുകയായിരുന്നു.
ഇലക്ട്രീഷന്‍ മാത്രമാണ് ഈ സമയം ഓഫിസിലുണ്ടായിരുന്നത്. തടയാന്‍ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു. തുടർന്ന് വെസ്റ്റ് സ്റ്റേഷനിൽ ഹാജരായ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഭരണസമിതിയുടെ കാലം മുതലേ ഇവർ പല കാര്യങ്ങൾക്കായി പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങിയിരുന്നു.
എന്നാൽ, നിലവിൽ ഇവരുമായി ഒരു പ്രശ്നങ്ങളുമില്ലെന്നും വിവരാവകാശത്തിന് മറുപടി നൽകേണ്ട സമയം കഴിഞ്ഞിട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.