കോട്ടയം: ചങ്ങനാശ്ശേരി ഡിവൈ.എസ്.പി കെ.പി. ടോംസണിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽനിന്നു മെസേജ് അയച്ച് പണം തട്ടാൻ ശ്രമം. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടുപകരണങ്ങൾ നൽകാമെന്ന രീതിയിലാണ് സന്ദേശങ്ങൾ അയച്ചത്. കടുത്തുരുത്തി പൂഴിക്കോൽ സ്വദേശി പൂവത്തുംമൂട്ടിൽ സുനിൽ ഫിലിപ്പിൽ നിന്നാണ് പണംതട്ടാൻ ശ്രമം നടന്നത്. ഡിവൈ.എസ്.പി കെ.പി. ടോംസൺ ആണെന്നും വാട്സ്ആപ് നമ്പർ ആവശ്യപ്പെട്ടും സുനിൽ ഫിലിപ്പിനു കഴിഞ്ഞദിവസം മെസഞ്ചറിൽ മെസേജ് വന്നു. സുനിൽ വാട്സാപ് നമ്പർ നൽകി.
സുനിലിന്റെ നമ്പർ സുഹൃത്തായ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ സുമിത് കുമാറിന് നൽകുമെന്നും അദ്ദേഹം വിളിക്കുമെന്നും അറിയിച്ചു. തുടർന്ന് ടോംസൺ പറഞ്ഞിട്ട് ബന്ധപ്പെടുകയാണെന്നും സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ സുമിത് കുമാറാണെന്നും അറിയിച്ച് വാട്സാപ്പിൽ മെസേജ് വന്നു.
തനിക്ക് സ്ഥലംമാറ്റമാണെന്നും ഉപയോഗിച്ചിരുന്ന ഫ്രിഡ്ജ്, സ്മാർട് ടി.വി, സോഫ സെറ്റ്, ഇൻവെർട്ടർ, കട്ടിൽ, വാട്ടർ പ്യൂരിഫയർ, വാഷിങ് മെഷീൻ, എ.സി, അലമാര, ഡൈനിങ് ടേബിൾ എന്നിവ നൽകാനുണ്ടെന്നും അറിയിച്ചു. മൂന്നുമാസം പഴക്കമുള്ള എല്ലാ സാധനങ്ങൾക്കും കൂടി 1,20,000 രൂപ തന്നാൽ മതിയെന്നും പണം ഗൂഗിൾ പേ ചെയ്താൽ മതിയെന്നും സാധനങ്ങൾ മൂന്നു ദിവസത്തിനകം സി.ആർ.പി.എഫിന്റെ ട്രക്കിൽ വീട്ടിൽ എത്തിച്ചുനൽകാമെന്നും അറിയിച്ചു.
സംശയം തോന്നിയ സുനിൽ പണം അയച്ചില്ല. കടുത്തുരുത്തിയിൽ സി.ഐ ആയി ജോലി ചെയ്തിരുന്ന കെ.പി. ടോംസണെ പരിചയമുള്ള ചിലരെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് അറിയുന്നത്. ഡിവൈ.എസ്.പി കെ.പി. ടോംസണും ഭാര്യയുമായുള്ള ചിത്രം പ്രൊഫൈൽ പിക്ചർ ആക്കിയാണ് വ്യാജ ഐ.ഡി ഉണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.