ഏഴ് വർഷത്തോളമായി കോട്ടയം നഗരത്തിന്റെ മധ്യത്തിൽ നിർമാണം മുരടിച്ച് നിൽക്കുന്ന ആകാശപ്പാത
കോട്ടയം നഗരമധ്യത്തിലെ ‘വികസന’ത്തിന്റെ സ്മാരകമായി ആകാശപ്പാത നിൽക്കാൻ തുടങ്ങിയിട്ട് വർഷം ഏഴോളമായി. ആകാശപ്പാതക്കായി കെട്ടി ഉയർത്തിയ ഇരുമ്പ് പൈപ്പുകൾ തുരുമ്പിച്ച് തുടങ്ങിയെങ്കിലും പദ്ധതി നടക്കുമെന്നോ ഇല്ലെന്നോ പറയാൻ ഉത്തരവാദപ്പെട്ടവർക്കാർക്കും കഴിയുന്നില്ല. വെറുതെ കെട്ടിപ്പൊക്കിയിട്ടിരിക്കുന്ന ഇരുമ്പ് തൂണുകൾ പൊളിച്ചു നീക്കിക്കൂടെ എന്ന് ഹൈകോടതി മുതൽ നാട്ടിലെ സാധാരണക്കാർ വരെ ചോദിച്ചുതുടങ്ങിയിട്ടും ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വങ്ങൾ കുറ്റകരമായ നിസ്സംഗത തുടരുകയാണ്. രാഷ്ട്രീയ വടംവലികളിൽ സ്തംഭിച്ചാണ് കോട്ടയത്തിന്റെ മുഖമുദ്രയാവേണ്ടിയിരുന്ന ആകാശപ്പാത മുരടിച്ചത്.
പട്ടണവാസികള്ക്ക് ആകാശപാതയെ കുറിച്ചുപറയുമ്പോള് അമർഷമാണ്. ആറ് മാസംകൊണ്ട് പണിതീർക്കുകയെന്ന ലക്ഷ്യത്തോടെ 2016 ഫെബ്രുവരിയിലാണ് തറക്കല്ലിട്ടത്. കോട്ടയം വിവിധ സാധ്യതകളുടെ നഗരമായി മാറുമെന്നായിരുന്നു വാഗ്ദാനം. കിറ്റ്കോക്കായിരുന്നു നിർമാണച്ചുമതല. നഗരത്തിലെ ഗതാഗതക്കുരുക്കിന് അറുതിയെന്നോണമാണ് പദ്ധതി പ്രഖ്യാപിച്ചത്. കാൽനടക്കാർക്ക് സുഗമമായി റോഡിനപ്പുറം എത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
മൂന്ന് എസ്കലേറ്ററുകളോടെ നിർമിക്കാൻ പദ്ധതിയിട്ട ആകാശപ്പാതക്ക് 6.75 മീറ്റർ ഉയരവും 15 ചതുരശ്രയടി വിസ്തീർണവുമുണ്ട്. അഞ്ച് കോടിയോളമായിരുന്നു നിർമാണച്ചെലവിന് കണക്കാക്കിയിരുന്നത്.
എന്നാൽ പല കാരണങ്ങളാൽ നിർമാണം മുടങ്ങുകയായിരുന്നു. ആകാശപാതയിൽ സെമിനാറുകളും സമ്മേളനങ്ങളും നടത്താൻ കഴിയുംവിധം പദ്ധതിയുടെ രൂപരേഖയിൽ മാറ്റംവരുത്തിയപ്പോഴാണ് നിർമാണം നിലച്ചത്. രൂപരേഖയിൽ മാറ്റം വരുത്താനാകില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെയാണ് പദ്ധതി മുടങ്ങിയത്.
2021ൽ പദ്ധതി പൂർത്തിയാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. കിറ്റ്കോക്ക് പദ്ധതി പൂർത്തീകരിക്കാൻ കഴിയില്ലെന്നും അതിനാൽ കരാർ റദ്ദാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു അന്ന് മന്ത്രി പറഞ്ഞത്. ഉപകാരമില്ലാത്ത കമ്പിക്കൂടുകൾ പൊളിച്ചുകളഞ്ഞുകൂടെ എന്ന് ഹൈകോടതി വിമർശിച്ചിരുന്നു.
ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ആകാശപ്പാത പൊളിച്ചുകളയണമെന്ന മാധ്യമപ്രവർത്തകന്റെ ഹരജിയിലായിരുന്നു കോടതി പരാമർശം.
സംഭവത്തിന്റെ ഗൗരവം മനസിലാക്കി റിപ്പോർട്ട് നൽകാനായിരുന്നു കോടതി സർക്കാറിനോട് ആവശ്യപ്പെട്ടത്. എന്നാൽ, വർഷത്തോളമായി നിശ്ചലമായി കിടക്കുന്ന പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്ന നിശ്ചയദാർഢ്യത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. എൽ.ഡി.എഫ് സർക്കാർ വന്നതോടെ ആകാശപ്പാതയുടെ നിർമാണം പൂർണമായി അനിശ്ചിതത്വത്തിലായി.
എം.എൽ.എ ഫണ്ടിൽ നിന്ന് 1.65 കോടി അനുവദിക്കാമെന്നും കലക്ടറായിരുന്ന ഡോ. പി.കെ. ജയശ്രീയുടെ മേൽനോട്ടത്തിൽ പണിപൂർത്തീകരിക്കാനാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. ഈ തുക കഴിഞ്ഞ് ബാക്കി സർക്കാർ അനുവദിക്കണം. 3.22 കോടി കൂടി ചെലവിട്ടാൽ നിർമാണം പൂർത്തിയാക്കാം.
എന്നാൽ, നിർമാണത്തിന്റെ തുടക്കത്തിൽ അലൈൻമെന്റ് പാളിപ്പോയ പദ്ധതി മുന്നോട്ട് കൊണ്ടുപോകേണ്ടിവന്നാൽ ചെലവ് ഇരട്ടിയാകും. അലൈൻമെന്റ് നേരെയാക്കണമെങ്കിൽ റൗണ്ടിന്റെ വലുപ്പം വർധിപ്പിക്കണം. ആറ് കോടിയോളം ചെലവ് പ്രതീക്ഷിച്ച പദ്ധതിയിൽ ഇതിനോടകം ഒന്നേമുക്കൽ കോടി രൂപയോളം ചെലവായി. നോക്കുകുത്തിയായി ആകാശപ്പാത അവശേഷിക്കുന്നതിൽ ജനങ്ങൾക്കും പരാതിയുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് തൃശൂരിലെയും തിരുവനന്തപുരത്തെയും ആകാശപ്പാതകളുടെ നിർമാണം പൂർത്തിയാക്കിയത്. വർഷങ്ങൾ പിന്നിട്ടിട്ടും ജില്ലയിലെ ആകാശപ്പാതയുടെ അസ്ഥികൂടം സ്മാരകമായി അവശേഷിക്കുകയാണ്.
തുടരും...
(നാളെ പ്രതാപം നഷ്ടമായി നെഹ്റു
സ്റ്റേഡിയം: ആളും ആരവവും ഒഴിഞ്ഞ് കളിക്കളം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.