കോട്ടയം: നഗരസഭ പാർക്കിലെ ചെടികൾ നനക്കാൻ 11മാസംകൊണ്ട് നഗരസഭ ചെലവഴിച്ചത് 8,092,56 രൂപ. എന്നിട്ടും പാർക്ക് നാശോന്മുഖം. 2020-21 സാമ്പത്തികവർഷത്തിലെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്.
2019 ഡിസംബർ 25 മുതൽ 2020 നവംബർ 30വരെ ചെടി നനച്ചതിനാണ് എട്ടുലക്ഷം രൂപ ചെലവായത്. തൊട്ടുമുന്നിലെ സാമ്പത്തികവർഷം 12ലക്ഷം ചെലവിട്ടാണ് പാർക്ക് നവീകരിച്ചത്. പാർക്കിൽ ചെടികൾ വെച്ചുപിടിപ്പിച്ച തിരുവല്ലയിലെ സ്ഥാപനത്തിനെ തന്നെയാണ് നനക്കാനും ഏൽപിച്ചത്.
സ്ഥാപനത്തെ തെരഞ്ഞെടുത്തത് മത്സരാധിഷ്ഠിത ടെൻഡർ വിളിച്ചല്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. 2020 മാർച്ചിൽ മുനിസിപ്പൽ കൗൺസിൽ ടെൻഡർ നടപടി പൂർത്തീകരിക്കുന്നതുവരെ പാർക്കിന്റെ പരിപാലനം ഈ സ്ഥാപനത്തെ ഏൽപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ടെൻഡർ വിളിക്കാൻ തുടർനടപടി കൈക്കൊണ്ടില്ല. പാർക്ക് സംരക്ഷണത്തിനായി ചെയ്യേണ്ട ജോലി കൃത്യമായി നിർവചിച്ചു നൽകുകയോ സ്ഥാപനവുമായി കരാറിലേർപ്പെടുകയോ ചെയ്തിട്ടില്ല. സ്ഥാപനം മാസത്തിൽ നൽകുന്ന ഇൻവോയിസ് പ്രകാരം, തുക നൽകുകയാണ് ചെയ്തിരുന്നത്. ശരാശരി അഞ്ചു പ്രതിദിന തൊഴിലാളികൾ എന്ന കണക്കിലെടുത്താൽ ആകെ 1447 തൊഴിലാളികളുടെ വേതനമാണ് നഗരസഭ നൽകിയത്. എന്നിട്ടും പാർക്കിലെ ചെടികൾ നശിച്ചു, പുൽത്തകിടികളിൽ കളനിറഞ്ഞു.
പാർക്ക് പരിപാലനം സംബന്ധിച്ച് നഗരസഭ മോണിറ്ററിങ് നടത്തിയിട്ടില്ലെന്നും അതിനാൽ തുക നൽകുന്നത് തടസ്സപ്പെടുത്തുകയാണെന്നും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വസ്തുനികുതി ഒടുക്കാതെ സർക്കാർ സ്ഥാപനങ്ങൾ; കുടിശ്ശിക 18 ലക്ഷം
നഗരസഭ പരിധിയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ വസ്തുനികുതി ഒടുക്കുന്നില്ല. ഈയിനത്തിൽ നഗരസഭക്ക് 18,96,947 രൂപയുടെ നഷ്ടം. 27 സ്ഥാപനങ്ങളാണ് വസ്തുനികുതി നൽകാത്തത്. ഇതിൽ കലക്ടർ, ഫയർസ്റ്റേഷൻ ഡിവിഷനൽ ഓഫിസർ, ബി.എസ്.എൻ.എൽ ഡി.ജി.എം, ലാൻഡ് ട്രൈബ്യൂനൽ സ്പെഷൽ തഹസിൽദാർ, കോട്ടയം താലൂക്ക് ഓഫിസ്, അസി. എൻജിനീയർ പി.ഡബ്ല്യു.ഡി ബിൽഡിങ് സെക്ഷൻ തുടങ്ങിയവരുടെ ഓഫിസുകളടക്കമുണ്ട്. ഇവയിൽ പലതിനും 2013 മുതൽ കുടിശ്ശികയുണ്ട്.
രജിസ്ട്രേഷൻ ഇല്ലാതെ 44 സ്വകാര്യ ആശുപത്രികൾ
നഗരസഭയിൽ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്നത് 44 സ്വകാര്യ ആശുപത്രികളും പാരാമെഡിക്കൽ സ്ഥാപനങ്ങളും. ഇവയിൽ ക്ലിനിക്, ലാബ്, ആയുർവേദ ശാലകളും ഉൾപ്പെടുന്നു. ഇവയിൽ ചിലത് സാമ്പത്തിക വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ട്രേഡ് ലൈസന്‍സ് എടുത്തിട്ടുണ്ടെങ്കിലും നഗരസഭയിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.