കോട്ടയം നഗര മധ്യത്തിലെ ലോഡ്ജ് മുറിയിൽ നടന്ന മോഷണക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ.
കോട്ടയം: നഗരമധ്യത്തിലെ ലോഡ്ജ് മുറിയിൽനിന്ന് 1.83 ലക്ഷം കവർന്നു. ഗുഡ്ഷെപ്പേർഡ് റോഡിലെ തെക്കനാട്ട് ലോഡ്ജിലെ മുറിയിൽ സൂക്ഷിച്ചിരുന്ന 1.83 ലക്ഷം രൂപയാണ് നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജിലെ ജീവനക്കാരനായി അന്വേഷണം തുടങ്ങി. ഇയാളുടെ ചിത്രവും കോട്ടയം ഈസ്റ്റ് പൊലീസ് പുറത്തു വിട്ടു. മാവേലിക്കര എണ്ണക്കാട് രംഗം വീട്ടിൽ ശ്യാം നായരെന്നാണ് ഇയാൾ ലോഡ്ജിൽ ജോലിക്കായി നൽകിയിരുന്ന വിലാസം. തെളിവായി നൽകിയ പാസ്പോർട്ടിലും ഇതേ വിലാസമാണ്. എന്നാൽ, ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ്, പ്രതിയെ തിരിച്ചറിയുന്നതിനാണ് ചിത്രം പുറത്ത് വിട്ടത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം നാഗമ്പടത്ത് നടന്നുവരുന്ന പുഷ്പമേളയുടെ നടത്തിപ്പുകാരാണ് പരാതിക്കാർ. പുഷ്പമേളയിലെ സ്റ്റാളുകളിൽ നിന്നുള്ള വാടക ദിവസവും വൈകീട്ട് നടത്തിപ്പുകാർ പിരിച്ചിരുന്നു. ഈ തുക ലോഡ്ജിലാണ് സൂക്ഷിച്ചിരുന്നത്. ലോഡ്ജ് ഉടമയുടെ ഉടമസ്ഥതയിലുള്ള പെയിൻറ് കടയുടെ സ്റ്റാളും ഇതിലുണ്ടായിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാൾ ഈ സ്റ്റാളിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞദിവസം മുറി വൃത്തിയാക്കുന്നതിനായി താക്കോൽ ഇയാളെ ഏൽപ്പിച്ചു. പിന്നാലെയാണ് പണം നഷ്ടമായെന്ന് വ്യക്തമായത്. ഇയാൾ നിരവധി ക്രിമിനൽക്കേസിൽ പ്രതിയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.