വേനല്‍മഴ: ജില്ലയില്‍ 21.58 കോടിയുടെ കൃഷിനാശം

1271.72 ഹെക്ടറിലായി 3819 കര്‍ഷകരുടെ കൃഷികളാണ് നശിച്ചത് കോട്ടയം: വേനല്‍മഴയിൽ ജില്ലയിലെ കാര്‍ഷികമേഖലയില്‍ 21.58 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ ബീന ജോർജ് അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെയുള്ള പ്രാഥമിക കണക്കാണിത്. കനത്തകാറ്റിലും വെള്ളക്കെട്ടിലുമകപ്പെട്ട് 1271.72 ഹെക്ടറിലായി 3819 കര്‍ഷകരുടെ കൃഷികളാണ് നശിച്ചത്. നെല്ല്, വാഴ, റബര്‍, അടയ്ക്ക, കൊക്കോ, കുരുമുളക്, ജാതിക്ക, കുരുമുളക്, വെറ്റില, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവക്കാണ് നാശം സംഭവിച്ചത്. കൂടുതല്‍ നാശം സംഭവിച്ചത് നെല്‍കൃഷിക്കാണ്. 1071.52 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു. നെല്‍കൃഷിയില്‍ മാത്രമായി 16.07 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. പായിപ്പാട്, വാഴപ്പള്ളി, ഏറ്റുമാനൂര്‍- ചെറുവാണ്ടൂര്‍, പേരൂര്‍, വാകത്താനം, വൈക്കം മേഖലകളിലാണ് നെല്‍കൃഷിയില്‍ ഏറ്റവുമധികം നാശമുണ്ടായിട്ടുള്ളത്. 54723 കുലച്ച വാഴകളും 32073 കുലക്കാത്ത വാഴകളും നശിച്ചു. 4.56 കോടിയുടെ വാഴകൃഷി നശിച്ചു. 27.38 ഹെക്ടറിലെ പച്ചക്കറികള്‍ നശിച്ചതില്‍ 12.04 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ടാപ്പിങ്​ ഉള്ള 2431 ഉം ടാപ്പിങ്​ ചെയ്യാത്ത 995 റബർ മരങ്ങളും നശിച്ചു. 4.58 ഹെക്ടറിലെ തെങ്ങ്, 4.48 ഹെക്ടര്‍ കുരുമുളക്, 303 ജാതി മരങ്ങൾ, 2.60 ഹെക്ടറിൽ കപ്പ കൃഷി തുടങ്ങിയവയും നശിച്ചു. മാടപ്പള്ളിയിലാണ് ഏറ്റവുമധികം കൃഷിനാശം സംഭവിച്ചത്. 685.01 ഹെക്ടറിലായി 10.30 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നാശനഷ്ടങ്ങളുടെ കണക്ക്: ബ്ലോക്ക്, ഹെക്ടര്‍, തുക എന്ന ക്രമത്തില്‍ ഏറ്റുമാനൂര്‍ - 145.35 - 2.11 കോടി കടുത്തുരുത്തി - 149.84 - 4.69 കോടി കാഞ്ഞിരപ്പള്ളി - 7.55 - 15.98 ലക്ഷം പാലാ - 78.41 - 14.49 ലക്ഷം പള്ളം - 79.22 - 1.20 കോടി പാമ്പാടി - 3.36 - 35.33 ലക്ഷം ഉഴവൂര്‍ - 53.56 - 91.45 ലക്ഷം വൈക്കം - 50.27 - 1.41 കോടി വാഴൂര്‍ - 19.14 - 27.59 ലക്ഷം തണ്ണീര്‍മുക്കം ബണ്ട്: കാര്‍ഷിക കലണ്ടര്‍ പ്രകാരം തുറക്കുന്നതിന്‍റെ സാധ്യത പരിശോധിക്കും കോട്ടയം: തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഷട്ടറുകള്‍ അടുത്തവര്‍ഷം മുതല്‍ കാര്‍ഷിക കലണ്ടര്‍ അടിസ്ഥാനമാക്കി തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത് ശിപാര്‍ശ ചെയ്യാന്‍ മന്ത്രി വി.എന്‍. വാസവന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉപദേശകസമിതി യോഗം തീരുമാനിച്ചു. കൃഷി മന്ത്രിയുമായുള്ള ചര്‍ച്ചക്കും നിലവിലുള്ള കാര്‍ഷിക കലണ്ടറില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ എന്നത്​ സംബന്ധിച്ച വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞതിനും ശേഷമായിരിക്കും തുടര്‍നടപടി. അടുത്തവര്‍ഷം മുതല്‍ കൃഷിയില്‍ കാര്‍ഷിക കലണ്ടര്‍ പിന്തുടരുന്നതിന് പാടശേഖര സമിതികള്‍ക്ക് നിർദേശം നല്‍കും. മഴ തുടരുന്നതിനാല്‍ നിലവില്‍ ബണ്ടിന്‍റെ 19 ഷട്ടറുകള്‍ വഴി നീരൊഴുക്ക് ക്രമീകരിച്ചിരിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇത് 20 ഷട്ടറുകളാക്കി ഉയര്‍ത്തും. മഴയുടെ തോത് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഓണ്‍ലൈന്‍ മുഖേന ചേർന്ന യോഗത്തില്‍ ആലപ്പുഴ കലക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷതവഹിച്ചു. ദലീമ ജോജോ എം.എല്‍.എ, ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജയദേവ്, ആലപ്പുഴ- കോട്ടയം ജില്ലകളിലെ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പ്രസിഡന്‍റുമാര്‍, മത്സ്യത്തൊഴിലാളി സംഘടനകളുടെയും കര്‍ഷക തൊഴിലാളി സംഘടനകളുടെയും പ്രതിനിധികള്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.