വിജയ ഇന്‍റർനാഷനൽ കൺവെൻഷൻ സെന്റർ ഉദ്​ഘാടനം 21ന്​

പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തി ഇടിഞ്ഞില്ലത്ത്​ നിർമിച്ച വിജയ ഇന്റർനാഷനൽ കൺവെൻഷൻ സെന്റർ ഉദ്​ഘാടനം 21ന്​ നടക്കുമെന്ന്​ മാനേജിങ്​​ ഡയറക്ടർ കെ.പി. വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 11 ഏക്കർ സ്ഥലത്ത്​ 75,000 ചതുരശ്രയടി വിസ്തൃതിയിലാണ്​ സെന്‍റർ പൂർത്തിയായിട്ടുള്ളത്​. ലക്ഷ്വറി ഹോട്ടൽ, റിസോർട്ട്, കോൺഫറൻസ് സൗകര്യങ്ങളുടെ സമന്വയമാണ് പ്രകൃതിഭംഗിയിൽ സമൃദ്ധമായ വിജയ ഇന്റർനാഷനൽ കൺവെൻഷൻ സെന്റർ. വലുപ്പത്തിലും അത്യാധുനിക സൗകര്യത്തിലും സംസ്ഥാനത്തു ഒന്നാം നിരയിലാണ്. ഒരേസമയം രണ്ടു ഹെലികോപ്​ടറുകൾക്കു പറന്നിറങ്ങാവുന്ന രണ്ട് ഹെലിപാഡും രണ്ടായിരത്തിലധികം ചെറുതും വലുതുമായ വാഹനങ്ങൾക്ക് പാർക്കിങ്​ സൗകര്യവുമുണ്ട്​. 4300പേരെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള നാല് ഹാൾ, 15,000 പേർക്ക് ഇരിപ്പിടം ഉറപ്പുവരുത്തുന്ന പൊതുസമ്മേളനത്തിന്​ അനുയോജ്യമായ മൂന്ന് ഏക്കർ വരുന്ന ഗ്രൗണ്ട്​, 2500 പേർക്ക് പങ്കെടുക്കാവുന്ന അനുബന്ധ ചെറുമൈതാനം, സ്റ്റാർ ഹോട്ടൽ നിലവാരമുള്ള താമസസൗകര്യത്തിനായുള്ള എട്ട്​ മുറി, അത്യാധുനിക കിച്ചണുകൾ, വ്യത്യസ്ത ഡൈനിങ് ഹാൾ, പ്രത്യേക ടോയ്​ലറ്റ് ബ്ലോക്കുകൾ, സെൻട്രലൈസ്ഡ് എ.സി സംവിധാനം എന്നിവ പ്രത്യേകതകളാണ്. തിരുവല്ല വെൺപാല സ്വദേശിയായ കെ.പി. വിജയൻ ദുബൈയിൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നു. ലഭിക്കുന്ന വരുമാനത്തിൽനിന്ന്​ നിശ്ചിത വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിനിയോഗിക്കുന്നുണ്ട്​ . 21ന്​ രാവിലെ 9.30ന് കൺവെൻഷൻ സെന്ററിൽ ചേരുന്ന സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്​ഘാടനം ചെയ്യും. ആന്‍റോ ആന്റണി എം.പി അധ്യക്ഷത വഹിക്കും. കൺവെൻഷൻ സെന്റർ മന്ത്രി പി. രാജീവ് ഉദ്​ഘാടനം ചെയ്യും. വിവിധ ഹാളുകളായ പെരിയാർ ഹാൾ മന്ത്രി വി.എൻ. വാസവനും നിള ഹാൾ മന്ത്രി വീണ ജോർജും പമ്പ ഹാൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ജീവകാരുണ്യ പദ്ധതികളുടെ ഉദ്​ഘാടനം മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യനും കോൺഫറൻസ് ഹാൾ ഉദ്​ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലോഗോ പ്രകാശനം ജോബ് മൈക്കിൾ എം.എൽ.എയും കബനി ഹാൾ ഉദ്​ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപനും വെബ്സൈറ്റ് ലോഞ്ചിങ് സിനിമ സംവിധായകൻ ബ്ലെസിയും നിർവഹിക്കും. ആദ്യ ബുക്കിങ്​ കോലഞ്ചേരി ക്രിസ്ത്യൻ മെഡിക്കൽ കോളജ് ചെയർമാൻ ബാബുപോളും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ജനറൽ മാനേജർ അനീഷ്​ ജോസഫ്​ വർഗീസും പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.