കവർച്ചക്കിടെ സുഹൃത്തിന്‍റെ അമ്മയെ ആക്രമിച്ച പ്രതിക്ക്​ 20 വർഷം കഠിന തടവ്​

തൊടുപുഴ: കവർച്ചക്കിടെ സുഹൃത്തിന്‍റെ അമ്മയെ ആക്രമിച്ച കേസിലെ പ്രതിക്ക്​ 20 വർഷം കഠിന തടവും 20,000 രൂപ പിഴയും. കൊന്നത്തടി മുക്കടംകരയിൽ വലിയമുറിക്കൽ വീട്ടിൽ ഒട്ടകം എന്ന പ്രസന്നനെയാണ്​ (41) തൊടുപുഴ മൂന്നാം അഡീഷനൽ സെഷൻസ്​ കോടതി ശിക്ഷിച്ചത്​. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി തടവ്​ അനുഭവിക്കണം. 2021 ഏപ്രിൽ ആറിനാണ്​ കേസിനാസ്​പദമായ സംഭവം. ബൈസൺവാലി എല്ലക്കൽ ചകിണിയാന്തടത്തിൽ പരേതനായ തോമസിന്‍റെ​ ഭാര്യ ചിന്നമ്മക്ക്​ നേരെയായിരുന്നു ആക്രമണം. ​ഇവർ തൊടുപുഴ ഭാഗങ്ങളിൽ വീട്ടുവേല ചെയ്യുകയും ഇടക്ക്​ വീട്ടിൽവന്ന്​ താമസിക്കുകയുമായിരുന്നു​ പതിവ്​. ​കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യാൻ ചിന്നമ്മ വീട്ടിൽ വന്ന സമയത്താണ്​ സംഭവം. ചിന്നമ്മയുടെ മകനും മരുമകൾക്കുമൊപ്പം വീട്ടിലെത്തിയ പ്രതി ഒരുദിവസം അവിടെ താമസിച്ചു. പിറ്റേദിവസം മൂന്നുപേരും ഒരുമിച്ച്​ അടിമാലിയിലേക്ക്​ തിരിച്ചു. ഇതിനിടെ ചിന്നമ്മ മാത്രമാണ്​ വീട്ടിലുള്ളതെന്ന്​ മനസ്സിലാക്കിയ പ്രസന്നൻ ആനച്ചാൽ ഭാഗത്ത് എത്തിയപ്പോൾ ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് അവിടെ ഇറങ്ങി. തുടർന്ന്​ സുഹൃത്തും ഭാര്യയും അടിമാലിക്ക് പോയ ശേഷം ഓട്ടോ വിളിച്ച്​ ചിന്നമ്മയുടെ വീട്ടി​ലെത്തി. മകനെയും ഭാര്യയെയും പൊലീസ്​ പിടിച്ചെന്നും പുറത്തിറക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടു.​ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രസന്നൻ ചിന്നമ്മയെ അടിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. തുടർന്ന്​, അവരുടെ കൈകാലുകൾ ബന്ധിച്ച ശേഷം സ്വർണാഭരണങ്ങൾ ഊരിയെടുത്തു. എതിർത്ത ചിന്നമ്മയെ കഴുത്തിൽ കത്തിവെച്ച്​ ഭീഷണി​പ്പെടുത്തി. അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവും മൊബൈൽ ഫോണും മോഷ്ടിച്ചാണ്​ പ്രതി കടന്നത്​. ഏറെ നേരത്തേ പരിശ്രമത്തിന്​ ശേഷം കെട്ട്​ സ്വയം അഴിച്ച്​ ചിന്നമ്മ അയൽവീട്ടിലെത്തി വിവരം പറയുകയായിരുന്നു. ഇയാൾ അടിമാലി, വെള്ളത്തൂവൽ മേഖലകളിൽ സമാനമായ പല കുറ്റകൃത്യങ്ങളിലും പ്രതിയാണ്​. ​പ്രോസിക്യൂഷന്​ വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി. ​TDG prathi prasannan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.