വില്ലനായി ഇരുമ്പു​തോട്ടി; അഞ്ചു​ വർഷത്തിനിടെ ഷോക്കേറ്റ്​ മരിച്ചത്​ 185 പേർ

തൊടുപുഴ: വൈദ്യുതി ലൈനിന്​ സമീപം ഇരുമ്പു​തോട്ടി ഉപയോഗിക്കുന്നത്​ മൂലമുള്ള ഷോക്കേറ്റ്​ മരണങ്ങൾ കേരളത്തിൽ കൂടിവരുന്നു. കഴിഞ്ഞ അഞ്ചു​ വർഷത്തിനിടെ 185 പേർ ഇത്തരത്തിൽ മരിക്കുകയും 127 പേർക്ക്​ സാരമായി പരിക്കേൽക്കുകയും ചെയ്തതായാണ്​ സംസ്ഥാന ഇലക്​ട്രിക്കൽ ഇൻസ്​പെക്ടറേറ്റിന്‍റെ കണക്ക്​. ഈ സാഹചര്യത്തിൽ വൈദ്യുതിലൈനിന്​ സമീപത്തെ പ്രവർത്തനങ്ങൾ സുരക്ഷിതമാക്കുന്നത്​ സംബന്ധിച്ച്​ ശക്തമായ ബോധവത്​കരണത്തിന്​ ഒരുങ്ങുകയാണ്​ ഇൻസ്​പെക്ടറേറ്റ്​. അഞ്ചു​ വർഷത്തിനിടെ ഉപഭോക്താക്കളുടെ വീട്ടിലും പരിസരത്തുമായി 738 ഷോക്കേറ്റ്​ മരണങ്ങളുണ്ടായി. ഈ വർഷം മാർച്ച്​ 31വരെയുള്ള കണക്കുപ്രകാരം ഇതിൽ 185 എണ്ണവും വൈദ്യുതി ലൈനിന്​ സമീപം അശ്രദ്ധമായി ഇരുമ്പുതോട്ടി ഉ​പയോഗിച്ചത് ​മൂലം സംഭവിച്ചതായിരുന്നു. ഇത്തരം 312 അപകടങ്ങളിലായാണ്​ ഇത്രയും പേർ മരിക്കുകയും 127പേർക്ക്​ പരിക്കേൽക്കുകയും ചെയ്തത്​. വീടിന്‍റെ പരിസരത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിന്​ സമീപം സ്വന്തം പുരയിടത്തിൽനിന്ന്​ വിവിധ കാര്യങ്ങൾക്കായി ഇരുമ്പു​തോട്ടി ഉപയോഗിക്കുന്നതാണ്​ അപകടം ക്ഷണിച്ചുവരുത്തുന്നത്​. തേങ്ങ, ചക്ക, മാങ്ങ തുടങ്ങിയ കായ്കനികൾ പറിക്കുന്നതിനാണ്​ പ്രധാനമായും ഈ രീതിയിൽ ഇരുമ്പു​തോട്ടി ഉപയോഗിക്കുന്നത്​. കഴിഞ്ഞദിവസം തിരുവനന്തപുരം വിഴിഞ്ഞത്ത്​ പിതാവും മകനും വൈക്കത്ത്​ വർക്​ഷോപ്​ ഉടമയും ഇരുമ്പു​തോട്ട്​ വഴി ഷോക്കേറ്റ്​ മരിച്ചതാണ്​ ഒടുവിലത്തെ സംഭവം. ഉപഭോക്താക്കളുടെ വീഴ്ചമൂലം സംഭവിക്കുന്ന ഇത്തരം അപകടങ്ങളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക്​ വൈദ്യുതി ബോർഡിൽനിന്ന്​ നഷ്ടപരിഹാരം ലഭിക്കൂ. ഇങ്ങനെ മരിക്കുന്നവരുടെ എണ്ണം അടുത്തകാലത്തായി ഓരോ വർഷവും വർധിച്ചുവരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. 2016-17ൽ 85 പേരാണ്​ മരിച്ചതെങ്കിൽ 2017-18ൽ 118 പേരും 2018-19ൽ 142 പേരും മരിച്ചു. 2019-20ൽ ഇത്​ 124 ആയി കുറഞ്ഞു. എന്നാൽ, 2020-21ൽ 136ഉം 2021-22ൽ 133ഉം ആയി ഉയർന്നു. പി.പി. കബീർ Box ബോധവത്​കരണം ശക്തിപ്പെടുത്തും വൈദ്യുതി ലൈനുകൾക്കരികിൽ ഇരുമ്പു​തോട്ടികൾ അശ്രദ്ധമായി ഉപയോഗിക്കുന്നത്​ മൂലമുള്ള അപകടം വർധിച്ചുവരുന്ന സാഹചര്യത്തിൽ ബോധവത്​കരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്​. നിലവിൽ കുടുംബശ്രീകൾ വഴിയും മറ്റും ബോധവത്​കരണം നടത്തിവരുന്നുണ്ട്​. ഇത്​ കൂടുതൽ ആളുകളിലേക്ക്​ എത്തിക്കാനാണ്​ ശ്രമം. വി.സി. അനിൽകുമാർ ചീഫ്​ ഇലക്​ട്രിക്കൽ ഇൻസ്​പെക്ടർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.