ഏഷ്യയിലെ ആദ്യ സോളാർ റോ​-റോ,​ 18 മാസത്തിനുള്ളിൽ

.നിർമാണം തുടങ്ങി കോട്ടയം: ഏഷ്യയിലെ ആദ്യ സോളാർ റോ​-റോയുടെ ഉടമസ്ഥരാകാൻ ജലഗതാഗത വകുപ്പ്​. വൈക്കം-തവണക്കടവ് റൂട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവിസ്​ ആരംഭിക്കാൻ ലക്ഷ്യമിടുന്ന റോൾ ഓൺ റോൾ ഓഫിന്‍റെ (റോ-റോ) നിർമാണത്തിന്​ തുടക്കമായി.18 മാസം കൊണ്ട്​ നിർമാണം പൂർത്തിയാക്കി നീറ്റിലിറക്കാനാണ്​ തീരുമാനം. നേരത്തേ ഇ റോ-റോ സർവിസിനാണ് സാധ്യത പഠനം നടത്തിയതെങ്കിലും വൈദ്യുതിക്കൊപ്പം സൗരോർജം ഉപയോഗിക്കുന്നത്​ ചെലവ്​ കുറക്കാൻ സഹായിക്കുമെന്ന്​ കണ്ടതോടെ രണ്ടും ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ബോട്ടെന്ന ആശയത്തിലേക്ക്​ ജലഗതാഗതവകുപ്പ് എത്തുകയായിരുന്നു. ഇതിൽ പഠനം നടത്തിയ സാങ്കേതിക സമിതി വൈദ്യുതിക്കൊപ്പം സൗരോർജവും ഉപയോഗിക്കാൻ അനുമതി നൽകി. പിന്നാലെ സർക്കാർ ഭരണാനുമതിയും നൽകിയതോടെ ജൂലൈയിൽ നിർമാണത്തിന്​ തുടക്കമായി. ആലപ്പുഴ പാണാവള്ളിയിലെ സ്വകാര്യയാർഡിലാണ്​ നിർമാണം. ഇത്​ പൂർത്തിയാകുന്നതോടെ ഏഷ്യയിലെ ആദ്യ വൈദ്യുതി-സൗരോർജ റോ-റോ സർവിസായിത്​ മാറും​. ഡീസൽ റോ-റോ സർവിസുകൾ നഷ്‌ടത്തിലായതോടെയാണ് ഇലക‌്ട്രിക് സംവിധാനത്തെക്കുറിച്ച്‌ ജലഗതാഗത വകുപ്പ്​ ആദ്യം ആലോചിച്ചത്‌‌. കാര്യക്ഷമതകൂടിയ എൻജിൻ ആവശ്യമായതിനാൽ വലിയതോതിൽ ഇന്ധനം ഉപയോഗിക്കേണ്ടി വരുന്നതായിരുന്നു ഡീസൽ ​ റോ-റോ നഷ്‌ടത്തിലാകാൻ കാരണം. ഇതിനുപകരം വൈദ്യുതി ഉപയോഗിച്ചാൽ 60 ശതമാനം പ്രവർത്തനച്ചെലവ് കുറക്കാമെന്നാണ്​ വിലയിരുത്തൽ. സൗരോർജം കൂടി ഉപയോഗിച്ചാൽ ഇത്‌ 70 ശതമാനമാക്കാമെന്നാണ്‌ കണ്ടെത്തൽ. 60-40 ശതമാനമാകും വൈദ്യുതി-സൗരോർജ ഉപയോഗ അനുപാതം. ജീവനക്കാരുടെ എണ്ണത്തിലും കുറവ് വരുത്താൻ കഴിയും. സൗരോർജം പൂർണമായി ഉപയോഗിക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്​. യാത്രാബോട്ടുകളെക്കാൾ മൂന്നിരട്ടി ശേഷിയുള്ളതാകും റോ-റോ. എട്ട്​ കോടിയോളം രൂപയാണ്‌ നിർമാണച്ചെലവ്‌ പ്രതീക്ഷിക്കുന്നത്​. 80 ടൺ വഹിക്കാൻ ശേഷിയുള്ള ഇതിന്‌ 30 മീറ്റർ നീളവും 16 മീറ്റർ വീതിയുമുണ്ടാവും. ഒരു ട്രെയിലർ ഉൾപ്പെടെ നാല്‌ കണ്ടെയ്‌നർ കയറ്റാനാകും. ഇതിനൊപ്പം യാത്രക്കാർക്ക്‌ സഞ്ചരിക്കാനും ഇടമുണ്ടാകും. ജങ്കാര്‍പോലെ യാത്രക്കാര്‍ക്കൊപ്പം വാഹനങ്ങളും വഹിക്കുന്ന സംവിധാനമാണ് റോ-റോ. ജങ്കാറിൽ ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കയറ്റാനാകുക. എന്നാൽ, റോ റോയിൽ ഒരുവശത്തുകൂടി വാഹനങ്ങള്‍ കയറ്റി മറുവശത്തുകൂടി പുറത്തേക്ക് ഇറക്കാന്‍ കഴിയും. ജലഗതാഗതവകുപ്പിന്‍റെ സോളാർ ബോട്ട് വൻ വിജയമായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പുതുപരീക്ഷണം. നേരത്തേ ബജറ്റിൽ മൂന്നു കിലോമീറ്റർ ദൂരമുള്ള വൈക്കം-തവണക്കടവ് റൂട്ടിൽ റോ റോ സർവിസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.