കോട്ടയം: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പാടശേഖരങ്ങളുടെ സമഗ്ര വികസനത്തിനായി 10 കോടിയുടെ പദ്ധതികൾ അഞ്ചുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ആദ്യഘട്ടത്തിൽ 29 പഞ്ചായത്തുകളിലെ 62 പാടശേഖരങ്ങളിലായാണ് പദ്ധതികൾ നടപ്പാക്കുന്നത്. 43 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതം നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുക. മണ്ണുസംരക്ഷണം, കെ.എൽ.ഡി.സി, ഹരിത കേരള മിഷൻ, തൊഴിലുറപ്പ്, കുട്ടനാട് ഡെവലപ്മെന്‍റ് പാക്കേജ്, വൻകിട/ചെറുകിട ജലസേചനം എന്നിവയുടെ സഹകരണത്തോടെ പദ്ധതി വിപുലീകരിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ല, ബ്ലോക്ക്തല കമ്മിറ്റികൾ രൂപവത്കരിക്കും. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുറംബണ്ട് നിർമാണം, തോടുകളുടെ ആഴംകൂട്ടൽ, റാമ്പ്, വാച്ചാൽ, പമ്പ് ഹൗസ് നിർമാണം, വൈദ്യുതീകരണം, മോട്ടോർ തറ, വി.സി.ബി നവീകരണം, ട്രാക്ടർ പാത എന്നിവയും പദ്ധതിയിലുണ്ട്. പാരിസ്ഥിതിക യൂനിറ്റ് അടിസ്ഥാനത്തിൽ നെൽകൃഷി ഏകീകരിക്കാനും കാർഷിക കലണ്ടർ അനുസരിച്ച് കൃഷിയിറക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പാടശേഖരത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന പദ്ധതികൾ തയാറാക്കുന്നതിന് കാർഷിക വിജ്ഞാനകേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 1077 ഹെക്ടർ തരിശുഭൂമിയിൽ നെൽകൃഷി ജില്ലയിൽ 26,169.276 ഹെക്ടർ നെൽവയലുകളാണുള്ളത്. ഇതിൽ 22,656.856 ഹെക്ടർ സ്ഥലത്ത് മാത്രമാണ് കൃഷി. തരിശുകിടക്കുന്ന 2735.86 ഹെക്ടറിൽ 1077.38 ഹെക്ടറിൽ നെൽകൃഷിയിറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ചുവർഷം കൊണ്ട് 2760.18 ഹെക്ടർ ഒരുപ്പൂനിലങ്ങൾ ഇരുപ്പൂനിലങ്ങളാക്കുകയും നെൽവയലിലെ ഉൽപാദനം വർധിപ്പിക്കാനും തീരുമാനിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.എസ്. സഫീന പറഞ്ഞു. കോട്ടയം (111 ഹെക്ടർ ), പാമ്പാടി ( 72.5 ഹെക്ടർ), വാഴൂർ (1.4 ഹെക്ടർ, മാടപ്പള്ളി (78 ഹെക്ടർ) , പാലാ (262.9 ഹെക്ടർ), ഉഴവൂർ (66 -4 ഹെക്ടർ), കടുത്തുരുത്തി (186.38 ഹെക്ടർ), വൈക്കം (115 ഹെക്ടർ), ഏറ്റുമാനൂർ (183.8 ഹെക്ടർ) എന്നീ പ്രദേശങ്ങളിലാണ് നെൽകൃഷി ആരംഭിക്കാൻ സാധിക്കുന്ന തരിശുഭൂമി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഉഴവൂർ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ പ്രദേശങ്ങളിൽ 2760.18 ഹെക്ടർ സ്ഥലത്ത് ഇരുപ്പൂകൃഷി ആരംഭിക്കും. നിലവിൽ ഇവിടെ ഒരുപ്പൂ കൃഷിയാണുള്ളത്. കലക്‌ടറേറ്റിൽ കൂടിയ യോഗത്തിൽ കലക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷതവഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത വർഗീസ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.