കാന്തല്ലൂരിലെ ഗ്രാന്‍റീസ്​ മരങ്ങൾ മുറിക്കാൻ അനുമതി

മറയൂർ: കാന്തല്ലൂര്‍, കീഴാന്തൂര്‍, മറയൂർ വില്ലേജ് പരിധികളിലെ ഗ്രാന്‍റീസ് മരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനം. 2013ല്‍ അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്‍ പ്രദേശത്തെ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് മരം മുറിക്കുന്നത് തടഞ്ഞ്​ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന്, ഗ്രാന്‍റീസ് മരങ്ങള്‍ മുറിക്കാന്‍ കഴിയാതെയായി. നീരുറവകള്‍ വറ്റിക്കുന്ന ഗ്രാന്‍റീസ് മരങ്ങള്‍ ആയിരക്കണക്കിന് ഏക്കറില്‍ പടര്‍ന്ന്​ പന്തലിച്ചതോടെ കൃഷിസ്ഥലങ്ങള്‍ ചുരുങ്ങുകയും ജലക്ഷാമം രൂക്ഷമാകുകയും ചെയ്തു. തുടർന്ന്,​ മുഖ്യമന്ത്രി ഇടപെട്ട് മരം മുറിക്കാൻ നിബന്ധനകളോടെ അനുമതി നൽകി. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ മരം മുറിച്ചുതുടങ്ങിയെങ്കിലും റവന്യൂ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിലേക്ക് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ വീണ്ടും തടസ്സപ്പെട്ടു. തുടർന്ന്​, കഴിഞ്ഞ മാസം ഏഴുമുതൽ ഏപ്രിൽ മൂന്ന്​ വരെ കാന്തല്ലൂര്‍ വില്ലേജ് ഓഫിസിന് മുന്നില്‍ സി.ഐ.ടി.യു, കര്‍ഷക സംഘം എന്നിവയുടെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം നടത്തി. കഴിഞ്ഞദിവസം ഇടുക്കി കലക്ടര്‍ ഷീബ ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണ, കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ടി. മോഹന്‍ദാസ്, സി.പി.എം മറയൂര്‍ ഏരിയ സെക്രട്ടറി വി. സിജിമോന്‍, സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ്​ എ.എസ്. ശ്രീനിവാസന്‍ എന്നിവരും റവന്യൂ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന്​ അനുമതി നൽകാൻ തീരുമാനമായത്​. ചിത്രം TDG Grantis. കാന്തല്ലൂരില്‍ വ്യാപകമായി വളര്‍ന്ന് നില്‍ക്കുന്ന ഗ്രാന്‍റീസ് മരങ്ങള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.