ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

പൊൻകുന്നം: എലിക്കുളം മല്ലികശ്ശേരിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എലിക്കുളം മല്ലികശ്ശേരി കണ്ണമുണ്ടയിൽ ബിനോയി ജോസഫിനെയാണ് (48) അറസ്റ്റ് ചെയ്തത്. ഭാര്യ സിനിയെ (44) കിടപ്പുമുറിയിൽവെച്ച് കറിക്കത്തികൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സിനിയെ ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലാണിവർ. ശനിയാഴ്ച രാത്രി 11.30നാണ് സംഭവം. പന്ത്രണ്ടിലും പത്തിലും പഠിക്കുന്ന രണ്ട് ആൺമക്കൾ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. അമ്മയുടെ നിലവിളി കേട്ടെത്തിയ ഇവർ അയൽവാസികളെ വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, പൊൻകുന്നം എസ്.എച്ച്.ഒ സജിൻ ലൂയിസ്, എസ്.ഐ ടി.ജി. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം രാത്രിതന്നെ ബിനോയിയെ കസ്റ്റഡിയിലെടുത്തു. സംശയരോഗം മൂലം ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഒന്നരയേക്കറോളം ഭൂമിയുള്ള കർഷകനാണ് ബിനോയി​. പ്രതിയെ പിന്നീട് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.