മുളക്കുളം (കടുത്തുരുത്തി): കെ-റെയിലിനെതിരെ ഉയർന്നുവന്ന ശക്തമായ പ്രതിഷേധം സർക്കാർ കണ്ണുതുറന്ന് കാണണമെന്നും പിടിവാശി ഉപേക്ഷിക്കണമെന്നും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. സംസ്ഥാന കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന സമരജാഥയുടെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈസ്പീഡ് റെയിൽ പദ്ധതിക്കെതിരായ ജനവികാരം മാനിച്ച് യു.ഡി.എഫ് സർക്കാർ പിന്മാറിയതുപോലെ സർക്കാർ ജനങ്ങളുടെ അഭിപ്രായങ്ങൾക്കൊപ്പം നിൽക്കണം. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള റെയിൽവേ സംവിധാനം, റോഡുകൾ, ജലഗതാഗതം എന്നിവ മെച്ചപ്പെടുത്തുക തുടങ്ങിയ ബദൽ നിർദേശങ്ങൾ സർക്കാർ പരിഗണിക്കണമെന്നും സമരജാഥക്ക് ജില്ലയിൽ ശക്തമായ പിന്തുണ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ജില്ല ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എം.പി ബാബുരാജ്, വൈസ് ക്യാപ്റ്റൻ രാജീവൻ എന്നിവർ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ജാഥാ മാനേജർ ടി.ടി ഇസ്മയിൽ, അസി. മാനേജർ മിനി കെ.ഫിലിപ്, സംസ്ഥാന രക്ഷാധികാരികളായ എം.ടി തോമസ്, പ്രഫ. കുസുമം ജോസഫ്, വൈസ് ചെയർമാൻ ചാക്കോച്ചൻ മണലേൽ, വി.ജെ. ലാലി, ജെ. തോമസ്, എസ്. ഗുപ്തൻ, എം.എൻ ദിവാകരൻ നായർ, ജെഫി ജോസഫ്, തോമസ് മുണ്ടുവേലിൽ, സുബിൻ ജോസഫ്, പോൾസൺ ആനക്കുഴി, എ.കെ ഗോപാലൻ, അജിഷ് കുറുമഠം തുടങ്ങിയവർ സംസാരിച്ചു. സ്വീകരണ യോഗത്തിൽ കുന്നപ്പള്ളി യൂനിറ്റ് നേതാവ് ടി.വി. രാജു അധ്യക്ഷത വഹിച്ചു. കെ.ആർ സജീവൻ, ജോസഫ് വരീക്കൽ, മാത്തുക്കുട്ടി, കെ.ജെ ബാബു, കെ.ജെ രാജു, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. 'കെ-റെയിൽ വേണ്ട കേരളം വേണം' മുദ്രാവാക്യം ഉയർത്തി മാർച്ച് ഒന്നിന് കാസർകോട് നിന്നാരംഭിച്ച സംസ്ഥാന സമരജാഥ 24ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.