ഗർഭിണിക്ക് മർദനം: വർക്​ഷോപ് ഉടമകൾ അടക്കം മൂന്ന്​ പേർ അറസ്റ്റിൽ

പാലാ: ഗർഭിണിയെയും ഭർത്താവിനെയും മർദിച്ച സംഭവത്തിൽ വർക്​ഷോപ് ഉടമകളെയും ജീവനക്കാരനെയും അറസ്റ്റ്​ ചെയ്തു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ ദമ്പതികൾ വ്യാഴാഴ്ച വൈകീട്ട്​ ജോലികഴിഞ്ഞ് പാലാ ഞൊണ്ടിമാക്കൽ കവലയിലുള്ള വാടകവീട്ടിലേക്ക് പോകുംവഴി ഭാര്യയോട്​ മോശമായ രീതിയിൽ സംസാരിച്ചത്​ ഭർത്താവ്​ ചോദ്യംചെയ്തതോടെയാണ്​ മർദിച്ചത്​. ഒന്നും രണ്ടും പ്രതികളായ ശങ്കറിന്‍റെയും ജോൺസണിന്‍റെയും വർക്​ഷോപ്പായ 'കാർ നെസ്റ്റി'ന്​ സമീപമെത്തിയപ്പോൾ ശങ്കർ യുവതിയെപ്പറ്റി മോശമായും ലൈംഗികച്ചുവയോടെയും സംസാരിച്ചു. ഭർത്താവും യുവതിയും ഇത്​ ചോദ്യംചെയ്തു. പ്രതികൾ ഭർത്താവിനെ കൈയേറ്റം ചെയ്യുകയും ഒന്നാംപ്രതി ആറുമാസം ഗർഭിണിയായ യുവതിയുടെ അടിവയറ്റിൽ ചവിട്ടുകയുംചെയ്തു. സംഭവത്തിൽ വർക്​ഷോപ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് കെ.എസ്. ശങ്കർ (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്​ഷോപ് തൊഴിലാളി മേവട വെളിയത്ത് സുരേഷ് (55) എന്നിവരെയാണ്​ പാലാ എസ്.എച്ച്.ഒ കെ.പി. തോംസൺ അറസ്റ്റ് ചെയ്തത്​. വർക്​ഷോപ്​ ഉടമകളുടെ ആക്രമണത്തെക്കുറിച്ച്​ ദമ്പതികൾ പൊലീസിനെ അറിയിക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച്​ അപായപ്പെടുത്താനും ​ശ്രമിച്ചു. വിവരമറിഞ്ഞ്​ പൊലീസ്​ എത്തിയപ്പോഴേക്കും ഒന്നാം പ്രതി വർക്​ഷോപ്പിലെ കാറിൽ കടന്നുകളഞ്ഞിരുന്നു. ചവിട്ടേറ്റ യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയും പാലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ധ ചികിത്സക്ക്​ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിലേക്ക്​ മാറ്റുകയും ചെയ്തു. ഗർഭസ്ഥശിശുവിന്റെ ജീവൻ അപകടത്തിലായ സാഹചര്യത്തിലാണ്​ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയത്. പാലാ ഡിവൈ.എസ്.പി ഷാജു ജോസ് പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിച്ചു. വെള്ളിയാഴ്ച പുലർച്ചയാണ്​ ഒന്നും രണ്ടും പ്രതികളെ അമ്പാറ നിരപ്പിലുള്ള റബർതോട്ടത്തിൽനിന്ന്​ പിടികൂടിയത്​. മൂന്നാം പ്രതിയെ വീട്ടിൽനിന്നാണ്​ പിടികൂടിയത്​. എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐമാരായ എ.ടി. ഷാജി, ബിജു കെ. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, ജസ്റ്റിൻ ജോസഫ്, സിവിൽ പൊലീസ് ഓഫിസർ സി. രഞ്ജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.