കോട്ടയം: കല്ലാർകുട്ടിയിൽ മണൽവാരുന്നതിന് മുന്നോടിയായി ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലിന്‍റെ അളവ് കണ്ടെത്താനുള്ള പഠനകരാർ കോഴിക്കോട് എൻ.ഐ.ടിക്ക് നൽകിയേക്കും. ഇതുസംബന്ധിച്ച ശിപാർശ ഡാം സേഫ്റ്റി ഓര്‍ഗനൈസേഷൻ കെ.എസ്.ഇ.ബിക്ക് സമർപ്പിച്ചു. കല്ലാർകുട്ടി ഡാമിന്‍റെ അടിത്തട്ടിലുള്ള മണലിന്‍റെ അളവ്, ഗുണനിലവാരം എന്നിവ കണ്ടെത്താനാണ് പഠനം. ഡാമിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധിച്ചാകും അടിഞ്ഞുകൂടിയിരിക്കുന്ന മണലിന്‍റെ അളവ് തിട്ടപ്പെടുത്തുക. നേരത്തേ ഡാമുകളുടെ സംഭരണശേഷി കണ്ടെത്താൻ കെ.എസ്.ഇ.ബി നിയോഗിച്ച സ്വകാര്യ ഏജൻസിയുടെ കണക്കെടുപ്പിൽ കല്ലാർകുട്ടിയിൽ വലിയതോതിൽ കുറവ് കണ്ടെത്തിയിരുന്നു. അടിത്തട്ടിൽ ചളിയും മണലും നിറഞ്ഞതിനാൽ വെള്ളം സംഭരിക്കാനുള്ള ശേഷിയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായെന്നായിരുന്നു ഇവരുടെ പഠനറിപ്പോർട്ട്. ഇതോടെ ഇവിടെനിന്ന് പരീക്ഷണാടിസ്ഥാനത്തിൽ മണൽനീക്കാൻ കെ.എസ്.ഇ.ബി തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് ചളിയുടെയും മണലിന്‍റെയും അളവ് വേർതിരിക്കുന്നത്. ഇതിനായി സംസ്ഥാനത്തെ കോളജുകളെ കണ്ടെത്താൻ ഡാമുകളുടെ പരിപാലനചുമതലയുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷൻ തീരുമാനിച്ചു. തിരുവനന്തപുരം എൻജിനീയറിങ് കോളജ്, എൻ.ഐ.ടി കോഴിക്കോട്, ഐ.ഐ.ടി പാലക്കാട് അടക്കമുള്ളവരുടെ പട്ടിക തയാറാക്കി ഇവരുമായി ബന്ധപ്പെട്ടു. എന്നാൽ,ആദ്യഘട്ടത്തിൽ കോളജുകളൊന്നും താൽപര്യമറിയിച്ചില്ല. ഇതിനുപിന്നാലെ സമയപരിധി നീട്ടാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. ഇതോടെയാണ് എൻ.ഐ.ടി രംഗത്തെത്തിയത്. ഡാമിൽനിന്ന് സാമ്പിൾ ശേഖരിച്ച് നടത്തുന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിൽ മണലിന്‍റെ മൊത്തം അളവ് കണ്ടെത്തും. തുടർന്ന് വില നിർണയിക്കാനാണ് ധാരണ. ഇതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാറിന് കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷൻ റിപ്പോർട്ട് നൽകും. ഇത് സർക്കാർ അംഗീകരിച്ചാൽ മണ്ണൽവാരൽ ആരംഭിക്കും. വൈദ്യൂതി ഉൽപാദനത്തെ ബാധിക്കാതെ മണലെടുക്കണമെന്ന നിബന്ധനയോടെയാകും കരാർ നൽകുക. കല്ലാർകുട്ടിയിലേത് വിജയമായാൽ അടുത്ത ഘട്ടത്തിൽ കൂടുതൽ ഡാമുകളുടെ യഥാർഥ സംഭരണശേഷി കണ്ടെത്താൻ പഠനം നടത്തിയശേഷം മണൽനീക്കും. സംസ്ഥാനത്തെ ഡാമുകളുടെ സംഭരണശേഷി കുറഞ്ഞതായി കെ.എസ്.ഇ.ബി കണ്ടെത്തിയിരുന്നു. നിർമാണഘട്ടത്തിലെ സംഭരണശേഷിയാണ് ഇപ്പോഴും കണക്കുകളിൽ ഉപയോഗിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന അളവ് ഇതിലും കുറവാണെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. ഇതിൽ വ്യക്തത വരുത്താൻ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തിൽ ചെറുഡാമുകളിൽപഠനത്തിന് ജിയോ മറൈൻ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ ചുമതലപ്പെടുത്തുകയായിരുന്നു. മാട്ടുപ്പെട്ടി, ആനയിറങ്കൽ, പൊൻമുടി, ചെങ്ങളം, കല്ലാർകുട്ടി എന്നിവിടങ്ങളിലായിരുന്നു പഠനം. ഇതിൽ സംഭരണശേഷിയിൽ ഏറ്റവും കുറവ് കണ്ടെത്തിയത് കല്ലാർകുട്ടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.