സ്വപ്ന സുരേഷിന്‍റെ നിയമനം; എച്ച്.ആർ.ഡി.എസിൽ ഭിന്നത

തൊടുപുഴ: സ്വർണക്കടത്ത്​ കേസിലെ പ്രതി സ്വപ്ന സുരേഷിനെ കോർപറേറ്റ് സോഷ്യൽ റെസ്​പോൺസിബിലിറ്റി ഡയറക്ടറായി നിയമിച്ചതിന് പിന്നാലെ ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്‍റ്​ സൊസൈറ്റി ഓഫ് ഇന്ത്യയിൽ (എച്ച്.ആർ.ഡി.എസ്) ഭിന്നത. സംഘടനയുടെ അംഗീകാരമില്ലാത്തതിനാൽ സ്വപ്ന സുരേഷിന്‍റെ നിയമനം അസാധുവാണെന്ന്​ ചൂണ്ടിക്കാട്ടി എച്ച്.ആർ.ഡി.എസ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്നും സംഘടനയിൽനിന്ന് ആറുമാസം മുമ്പ് പുറത്താക്കിയ വ്യക്തിയാണ് കൃഷ്ണകുമാറെന്നും വ്യക്തമാക്കി എച്ച്.ആർ.ഡി.എസ് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ രംഗത്തുവന്നത്​. കൃഷ്ണകുമാറിന്‍റേത് വൃദ്ധമനസ്സിന്‍റെ ജൽപനമാണെന്നാണ്​​ ബിജു കൃഷ്ണൻ പ്രതികരിച്ചത്​. സംഘടനയുടെ ഭാരവാഹി അല്ലാത്ത ഒരാൾക്ക് സ്വപ്നയെ പുറത്താക്കിയതായി അവകാശപ്പെടാൻ കഴിയില്ല. സ്വപ്നയുടെ നിയമനകാര്യം എല്ലാവരോടും ആലോചിച്ചാണ്​ നടപ്പാക്കിയത്​. എസ്​. കൃഷ്​ണകുമാർ 2017 ലാണ്​ പ്രസിഡന്‍റായി ​ചുമതലയേറ്റത്​​​. സംഘടനയിൽനിന്ന് ഒരുകോടി രൂപ ഇദ്ദേഹം കടം എടുത്തിരുന്നു. അത് തിരിച്ചടക്കാൻ ആവശ്യപ്പെട്ടതോടെ ചില പ്രശ്‌നങ്ങൾ ഉട​ലെടുത്തു. തുടർന്ന്​ ആറുമാസം മുമ്പ്​​ അദ്ദേഹത്തെ സൊസൈറ്റിയിൽനിന്ന്​ ഒഴിവാക്കുകയും ചെയ്തു. ഇപ്പോഴും അദ്ദേഹം ചെയർമാനാണെന്നാണ്​ അവകാശപ്പെടുന്നത്​. അങ്ങനെയൊരു പദവി ​സൊസൈറ്റിയിലില്ല. ഓർമപ്പിശകുള്ളതിനാൽ സ്വന്തം സ്ഥാനംപോലും അറിയാതെ പ്രതികരിച്ചുപോയതാകും​. അജി കൃഷ്​ണനാണ്​ 27 വർഷം മുമ്പ്​​​ എച്ച്​.ആർ.ഡി.എസിന്​ രൂപം ​കൊടുത്തതെന്നും ബിജു പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സംഘ്​പരിവാർ നിയന്ത്രണത്തിലുള്ള സന്നദ്ധസംഘടനയായ എച്ച്.ആർ.ഡി.എസിന്‍റെ തൊടുപുഴയിലെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസിലെത്തി സ്വപ്ന ജോലിയിൽ പ്രവേശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.