പുതുപ്പള്ളി: 53 വർഷമായി ഉമ്മൻ ചാണ്ടിയല്ലാതെ മറ്റാരെയും ജയിപ്പിക്കാത്ത മണ്ഡലമാണ് പുതുപ്പള്ളി. ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ മകൻ ചാണ്ടി ഉമ്മനെ റെക്കോർഡ് ഭൂരിപക്ഷത്തിന് അനുഗ്രഹിച്ചവരുമാണ്. മറിച്ചെന്തെങ്കിലും സംഭവിക്കണമെങ്കിൽ അത്ഭുതങ്ങൾതന്നെ കാഴ്ചവെക്കണമെന്ന് ഇടതുപക്ഷത്തിനും നന്നായറിയാം. അതുകൊണ്ടുതന്നെ ആഞ്ഞുമുറുക്കിയാണ് ഇടതുപക്ഷത്തിന്റെ പുറപ്പാട്. പക്ഷേ, ചരിത്രവും കണക്കുകളും അത്ര ആശാവഹമല്ലെന്നും അവർക്കറിയാം.
1970ൽ കന്നിയങ്കം കുറിച്ചതു മുതൽ 2023ൽ മരിക്കുന്നതുവരെ തോൽവിയറിയാതെ ഉമ്മൻ ചാണ്ടി ജയിച്ചുമാത്രം കയറിയ മണ്ഡലമാണ് പുതുപ്പള്ളി. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റിൽ 1970ൽ ഇ.എം. ജോർജിനെ ആദ്യ അങ്കത്തിൽ തറപറ്റിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 7288 വോട്ടായിരുന്നു. അതിനു ശേഷം മറ്റൊരു തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം അതിൽ കുറഞ്ഞില്ല. വി.എൻ. വാസവൻ, റെജി സഖറിയ, ചെറിയാൻ ഫിലിപ്, സിന്ധു ജോയ്, സുജ സൂസൻ ജോർജ്, ജെയ്ക് സി. തോമസ് തുടങ്ങി പലരും വന്നിട്ടും ഉമ്മൻ ചാണ്ടി ഇളകിയില്ല. 2023ൽ ഉമ്മൻ ചാണ്ടിയുടെ മരണത്തിനു ശേഷം ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ 37,719 എന്ന റെക്കോർഡ് ഭൂരിപക്ഷത്തിനായിരുന്നു പുതുപ്പള്ളിക്കാർ മകനെ വിജയിപ്പിച്ചത്.
അങ്ങനെയൊക്കെയുള്ള പുതുപ്പള്ളിയിൽ ഇക്കുറി ഇടതുപക്ഷം മത്സരത്തിനിറക്കിയിരിക്കുന്നത് മണ്ഡലത്തിൽ തന്നെയുള്ള മുതിർന്ന നേതാവ് കെ.എം. രാധാകൃഷ്ണനെയാണ്. വിദ്യാർഥി-യുവജന രാഷ്ട്രീയത്തിലൂടെ സി.പി.എം നേതൃനിരയിലേക്കുയർന്നു വന്നയാളാണ് കെ.എം. രാധാകൃഷ്ണൻ. എസ്.എഫ്.ഐ ജില്ല പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന രാധാകൃഷ്ണൻ ഡി.വൈ.എഫ്.ഐ നേതൃത്വത്തിലുമെത്തി. സി.പി.എം പുതുപ്പള്ളി ഏരിയ സെക്രട്ടറിയും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ച പരിചയവുമുണ്ട്. ഒമ്പത് വർഷമായി പാർട്ടിയുടെ ജില്ല സെക്രട്ടേറിയറ്റ് അംഗവുമാണ്.
ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച റെക്കോർഡ് ഭൂരിപക്ഷം ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുണ്ടായ സഹതാപതരംഗമല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയാണ് ഈ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനുള്ളത്. വിദ്യാർഥി രാഷ്ട്രീയവും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ്, ഡൽഹി യൂനിവേഴ്സിറ്റി, നാഷനൽ ലോ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം സുപ്രീംകോടതിയിൽ അഭിഭാഷകനായ അനുഭവവുമായാണ് ചാണ്ടി ഉമ്മൻ കേരള രാഷ്ട്രീയത്തിലെത്തുന്നത്. ഏതാനും മാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ഏഴും ഒപ്പം നിന്നതിന്റെ ആത്മവിശ്വാസമുണ്ട് യു.ഡി.എഫിന്.
രവീന്ദ്രനാഥ് വാകത്താനമാണ് ബി.ജെ.പിയുടെ സ്ഥാനാർഥി. ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരി 2021ൽ നേടിയതിനെക്കാൾ അയ്യായിരത്തോളം വോട്ടുകൾ കുറവാണ് ഉപതെരഞ്ഞെടുപ്പിൽ ലിജിൻ ലാലിന് ലഭിച്ചത്. അതിനെക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്താനാവുമോ എന്നതാണ് എൻ.ഡി.എ മുന്നണിയും ഉറ്റുനോക്കുന്നത്.
" യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. കഴിഞ്ഞ 10 വർഷം മണ്ഡലത്തിന്റെ വികസനം തടസ്സപ്പെടുത്തിയ സർക്കാറിനെതിരെ പുതുപ്പള്ളിക്കാർ വിധിയെഴുതും. ഉമ്മൻ ചാണ്ടിയുടെ കാലത്തുണ്ടായ വികസനം തുടരും. തലപ്പാടി സൂപ്പർ സ്പെഷാലിറ്റി ആശുപത്രി വികസനം ലക്ഷ്യം. സ്പോർട്സ്, വിനോദം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലെ വികസനത്തിനായി പരിശ്രമിക്കും. "
" ഇക്കുറി ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിക്കും. കേരളമൊട്ടാകെ നടക്കുന്ന വികസനത്തിനൊപ്പം പുതുപ്പള്ളി വികസിച്ചില്ലെന്ന് ജനങ്ങൾക്കറിയാം. 55 വർഷം യു.ഡി.എഫ് കൈവശം വെച്ചിട്ടും ഒരു മാറ്റവും പുതുപ്പള്ളിക്കുണ്ടായിട്ടില്ല. അവർ മാറ്റത്തിനായി വോട്ടു ചെയ്യും. മണ്ഡലത്തിന്റെ ചരിത്രം മാറും."
"വികസനത്തിന്റെ കാര്യത്തിൽ പുതുപ്പള്ളി ഇപ്പോഴും പിന്നിലാണ്. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികസനം നേരിട്ട് ജനങ്ങളിലെത്തിക്കാൻ ശ്രമിക്കും"
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.