ചാലുകുന്ന് ഭാഗത്ത് വൺവേ സൂചന ബോർഡ്​ സ്ഥാപിക്കണം

കോട്ടയം: കോട്ടയം-മെഡിക്കൽ കോളജ് റോഡിൽ ചാലുകുന്ന് ഭാഗത്ത് വൺവേ സൂചന ബോർഡ്​ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. വൺവേ ബോർഡിന്‍റെ അഭാവം വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ്​ ആവശ്യമുയരുന്നത്​. മെഡിക്കൽ കോളജ് ഭാഗത്തുനിന്ന്​ വരുന്നവർക്ക് ചുങ്കത്തെ രണ്ടാമത്തെ ഹംപിനുശേഷം ചാലുകുന്നിലേക്കുള്ള വൺവേ കയറ്റം ആരംഭിക്കുന്നിടത്താണ് വഴിപിഴക്കുന്നത്. മിക്കവരും വൺവേതെറ്റി വലത്തേക്കുള്ള റോഡിലേക്ക്​ കയറും. വൺവേയാണെന്ന് അറിയാതെ നല്ല വേഗത്തിലാണ് വാഹനങ്ങൾ ചുങ്കം ഭാഗത്തുനിന്ന്​ കയറിവരുന്നത്. ഇതറിയാതെ വൺവേയിലൂടെ പോകുന്നവരാണ് അപകടത്തിൽപെടുന്നത്. അന്യജില്ലക്കാർക്കും നാഷനൽ പെർമിറ്റ് ലോറിക്കാർക്കും ഈ ഭാഗമെത്തുമ്പോൾ അബദ്ധം പിണയുന്നത്​ പതിവാണ്​. കോട്ടയത്തിന് ഇത് വഴിയാണോ പോകേണ്ടതെന്ന് ചോദിക്കുമ്പോൾ സമീപകടകളിലും വഴിയാത്രക്കാരും യഥാർഥ വഴികാട്ടി തിരിച്ചുവിടാറാണ് പതിവ്. ചാലുകുന്ന് റോഡിന്‍റെ ആരംഭത്തിൽ വലത്തോട്ട് തിരിഞ്ഞ് പോകുന്നിടത്ത് വൺവേ സൂചന ബോർഡുണ്ട്. അത്തരത്തിൽ കോട്ടയത്തേക്കുള്ള വൺവേ ആരംഭിക്കുന്നിടത്തും വെക്കണമെന്നാണ് പ്രദേശവാസികളുടെയും വഴിയാത്രക്കാരുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.