ആർ.എസ്​.പി (ലെനിനിസ്റ്റ്​) ജില്ല സെക്രട്ടറിമാരെ പുറത്താക്കി

കോട്ടയം: ആർ.എസ്​.പി (ലെനിനിസ്റ്റ്​) സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗവും കൊല്ലം ജില്ല സെക്രട്ടറിയുമായിരുന്ന സാബു ചക്കുവള്ളി, പാലക്കാട്​ ജില്ല സെക്രട്ടറി ശിവദാസൻ എന്നിവരെ പാർട്ടിയുടെ എ​ല്ലാ അധികാരസ്ഥാനങ്ങളിൽനിന്നും പുറത്താക്കി. വിഭാഗീയ പ്രവർത്തനം നടത്തുന്നു​വെന്ന്​ തെളിഞ്ഞ സാഹചര്യത്തിലാണ്​ നടപടിയെന്ന്​ സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്​ അറിയിച്ചു. പകരം പാർട്ടി അസി. സെക്രട്ടറി ജി. വിമൽ ബാബു (കൊല്ലം), രമേഷ്​ കുമാർ (പാലക്കാട്​) എന്നിവർക്ക്​ അധികച്ചുമതല നൽകി. പാർട്ടിക്ക്​ സംസ്ഥാന ജോ. സെക്രട്ടറി സ്ഥാനം ഇല്ല. എന്നാൽ, സാബു ചക്കുവള്ളി താൻ സംസ്ഥാന ജോ. സെക്രട്ടറിയെന്ന്​ സ്വയം പ്രഖ്യാപിക്കുകയും വ്യാജ പോസ്റ്ററുകൾ അച്ചടിച്ച്​ പാലക്കാട്​ ജില്ല സെക്രട്ടറിയായിരുന്ന ശിവദാസന്‍റെ സഹായത്തോടെ പണപ്പിരിവ്​ നടത്തുകയും ചെയ്തു​വെന്ന്​ പരാതി ഉയർന്നിരുന്നു. സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം ബി. രഘുനാഥൻപിള്ള ചെയർമാനായ അഞ്ചംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്​. റിപ്പോർട്ട്​ ലഭിച്ചശേഷം നിയമ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.