'പാർട്ടി പിണറായി വിജയന്‍റെ വൺമാൻ ഷോക്ക്​ പിന്നാലെ പോകുന്നു'

കോട്ടയം: പാർട്ടി പിണറായി വിജയന്‍റെ വൺമാൻ ഷോക്ക്​ പിന്നാലെ പോകുന്നുവെന്ന്​ സി.പി.ഐ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായുള്ള ചർച്ചയിൽ വിമർശനം. മുതിര്‍ന്ന നേതാക്കൾ കഷ്ടപ്പെട്ട്​ പടുത്തുയർത്തിയ പ്രസ്ഥാനം പിണറായി വിജയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായി അധഃപതിച്ചു. ഇ.എം.എസ് സര്‍ക്കാര്‍, നായനാര്‍ സര്‍ക്കാര്‍, വി.എസ്. സര്‍ക്കാര്‍ എന്ന്​ ജനങ്ങൾ പറഞ്ഞിരുന്ന വികാരത്തോടെയല്ല പിണറായി സര്‍ക്കാര്‍ എന്നു പറയുന്നത്​. ഘടകകക്ഷി എന്ന പരിഗണനയില്ലാതെ തന്‍റെ താഴെയുള്ളവരായാണ്​ പിണറായി വിജയൻ സി.പി.ഐയെ കാണുന്നത്​. ആനി രാജ വിഷയം രണ്ടാം ദിവസവും ചർച്ചയിലുയർന്നു. ആനി രാജക്കെതിരെ ആക്ഷേപമുണ്ടായപ്പോള്‍ സംസ്ഥാന സെക്രട്ടറി സ്വീകരിച്ച നിലപാട് ശരിയായില്ല. സംസ്ഥാനത്തുണ്ടാകുന്ന വിവാദ വിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ക്ക് അഭിപ്രായം പറയണമെങ്കില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിൽ വന്ന്​ അനുവാദം വാങ്ങണമെന്നത്​ പാര്‍ട്ടിക്കു ഭൂഷണമല്ല. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്​ സംബന്ധിച്ച്​ മന്ത്രി വി.എന്‍. വാസവൻ ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള മറുപടികളാണ് നൽകിയത്. സഹകരണ മേഖലയുടെ ഇടതുമുഖം നഷ്ടമായതായും രൂക്ഷവിമർശനമുണ്ടായി. വാഴൂര്‍, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, മുണ്ടക്കയം മണ്ഡലങ്ങളിൽനിന്നുള്ള പ്രതിനിധികളാണ്​ ചർച്ചയിൽ പ​ങ്കെടുത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.