കോട്ടയം: സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യം മാത്രം അവകാശപ്പെടാനുള്ള ആർ.എസ്.എസ് സംഘടനകൾ രാജ്യസ്നേഹമുയർത്തി രംഗത്തുവരുന്നത് അവജ്ഞയോടെ മാത്രമേ കാണാനാകൂ എന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ. സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർഥി - യുവജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് സംഘടനകളെ കൂട്ടുപിടിച്ച് രാജ്യത്ത് ഹിന്ദു-മുസ്ലിം സംഘർഷമുണ്ടാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചപ്പോൾ അതിന് കൂട്ടുനിന്ന പാരമ്പര്യമാണ് അവർക്കുള്ളത്. അതിന്‍റെ ഫലമായി സ്വാതന്ത്ര്യത്തിനായി ഒറ്റക്കെട്ടായി പോരാടിയവർ പിന്നീട് വർഗീയതയുടെ പേരിൽ തമ്മിലടിക്കുന്ന കാഴ്ചയും രാജ്യം കണ്ടു. ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെയെ നന്മയുടെ പ്രതിപുരുഷനാക്കാനുള്ള ആർ.എസ്.എസിന്‍റെ ശ്രമം വിലപ്പോവില്ല. ഭരണഘടനയെ, മതേതരത്വത്തെ, ജനാധിപത്യത്തെ, ഇല്ലാതാക്കി രാജ്യത്തെ ഒരു മതരാഷ്ട്രമാക്കാൻ കേന്ദ്ര ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണമെന്നും അദ്ദേഹം പറഞ്ഞു. രാജ ഹരിപ്രസാദ്, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവർ പ്രഭാഷണം നടത്തി. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ് റെനീഷ് കാരിമറ്റം അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, ജില്ല എക്സിക്യൂട്ടിവ് അംഗം ജോൺ വി. ജോസഫ്, എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്‍റ് സെക്രട്ടറി ശുഭേഷ് സുധാകരൻ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. കബീർ, ടി.സി. ബിനോയ്, സെക്രട്ടറി അഡ്വ. എസ്.പി. സുജിത്, എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് നന്ദു ജോസഫ്, ജില്ല പ്രസിഡന്‍റ് വൈശാഖ് പ്രദീപൻ, സെക്രട്ടറി നിഖിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.