നിരവധി വീടുകളില്‍ വെള്ളം കയറി ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ നഗരത്തില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പെരുന്ന ഗവ. യു.പി സ്‌കൂള്‍, പെരുന്ന ഗവ. എല്‍.പി.എസ്, സെന്റ് ജയിംസ് എല്‍.പി.എസ് പണ്ടകശാലക്കടവ്, പുഴവാത് ഗവ.എല്‍.പി.എസ് എന്നീ സ്‌കൂളുകളിലാണ് ക്യാമ്പുകള്‍ തുറന്നത്. നാലു ക്യാമ്പിൽ 37 കുടുംബങ്ങളില്‍നിന്നായി 145 പേരുണ്ട്. 68 പുരുഷന്മാര്‍, 77 സ്ത്രീകള്‍, 34 കുട്ടികള്‍ എന്നിങ്ങനെയാണ് കണക്കുകള്‍. താലൂക്ക് അധികൃതരുടെയും നഗരസഭയുടെയും നേതൃത്വത്തില്‍ ക്യാമ്പുകളില്‍ എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തി, ഡോക്ടര്‍, നഴ്സ്, പാലിയേറ്റിവ് പ്രവര്‍ത്തകര്‍, മരുന്നുകള്‍, ഭക്ഷണ പദാർഥങ്ങള്‍, പാചകവാതക സിലിണ്ടറുകള്‍, അരി, പച്ചക്കറി തുടങ്ങി എല്ലാ സൗകര്യങ്ങളും ആദ്യദിനംതന്നെ ഏര്‍പ്പെടുത്തി. താലൂക്കിലെ പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തിലെ താഴ്ന്നപ്രദേശങ്ങളാണ് വെള്ളത്തിലായത്. പൂവം, എ.സി റോഡ്, നക്രാല്‍ പുതുവല്‍, മൂലേല്‍ പുതുവേല്‍, മനക്കച്ചിറ, കോമങ്കേരി ചിറ, പായിപ്പാട് പഞ്ചായത്ത് ഒന്നാംവാര്‍ഡ്, പെരുംപുഴക്കടവ്, പൂവം, ടെങ്കോ പാലം, പാറക്കല്‍ കലുങ്ക് തുടങ്ങിയ പ്രദേശങ്ങള്‍, വാഴപ്പള്ളി പഞ്ചായത്തിലെ പറാല്‍, കുറിച്ചി പഞ്ചായത്തിലെ അഞ്ചലശ്ശേരി, പാട്ടാശ്ശേരി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. പ്രദേശത്തെ ആളുകളെ ചങ്ങനാശ്ശേരി തഹസില്‍ദാറുടെ നേതൃത്വത്തില്‍ പെരുന്ന പടിഞ്ഞാറ് യു.പി സ്‌കൂള്‍, പെരുന്ന എല്‍.പി സ്‌കൂള്‍, സെന്റ് ജയിസ് എല്‍.പി.എസ് പണ്ടകശാലക്കടവ്, പുഴവാത് ഗവ. എല്‍.പി.എസ് എന്നിവിടങ്ങളിലേക്ക് മാറ്റി. അടിയന്തര സാഹചര്യത്തില്‍ മറ്റുസ്ഥലങ്ങളിലും ക്യാമ്പ് തുറക്കും. രണ്ടു ദിവസംകൂടി ശക്തമായ മഴപെയ്താല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുറക്കേണ്ടി വരും. ചങ്ങനാശ്ശേരി നഗരസഭയുടെയും പായിപ്പാട് പഞ്ചായത്തിന്റെയും പടിഞ്ഞാറന്‍ പ്രദേശങ്ങളാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. ളായിക്കാട് ബൈപാസിന് ഇരുവശത്തുമുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം തന്നെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് താലൂക്ക് ഓഫിസ് അധികൃതര്‍ അറിയിച്ചു. KTL CHR 1 Ac road പാറക്കല്‍ കലുങ്കിന് സമീപം എ.സി റോഡിലും വീടുകളിലും വെള്ളം കയറിയ നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.