കോട്ടയം: എലിപ്പനി പടരാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. വെള്ളക്കെട്ടിലും മലിനജലത്തിലും സമ്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാൻ സാധ്യതയുണ്ട്. ഒരുപ്രാവശ്യം മാത്രം സമ്പർക്കം ഉണ്ടായവർ ആഴ്ചയിലൊരിക്കൽ 100 മില്ലീഗ്രാമിന്റെ രണ്ടു ഡോക്‌സിസൈക്ലിൻ ഗുളിക വീതം രണ്ട് ആഴ്ച മുൻകരുതലായി കഴിക്കണം. എലിപ്പനി ബാധിച്ചാലും രോഗം ഗുരുതരമാകാതിരിക്കാൻ ഇതു സഹായിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ ഉൾപ്പെടെ നിരന്തര സമ്പർക്കം ഉണ്ടായവരും പ്രദേശവാസികളും സമ്പർക്കം നീണ്ടുനിൽക്കുന്ന എല്ലാ ആഴ്ചകളിലും ഒരുതവണ രണ്ടു ഗുളിക വീതം കഴിക്കണം. ശരീരത്തിൽ മുറിവോ വ്രണങ്ങളോ ഉള്ളവർക്ക് ഇത്തരം സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ ദിവസേന രണ്ടുനേരം 100 മില്ലീഗ്രാമിന്റെ ഓരോ ഗുളിക വീതം അഞ്ചുദിവസം തുടർച്ചയായി കഴിക്കണം. തുടർന്നുള്ള ആഴ്ചകളിൽ മലിനജല സമ്പർക്കം ഉണ്ടാകുന്നുവെങ്കിൽ ഇവർ ആഴ്ചയിലൊരിക്കൽ രണ്ടുഗുളിക വീതം തുടർന്നും കഴിക്കേണ്ടതുണ്ട്. രണ്ടു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് കിലോഗ്രാം തൂക്കത്തിന് നാലു മില്ലീഗ്രാം എന്ന കണക്കിന് ആഴ്ചയിലൊരിക്കലാണ് ഡോക്‌സിസൈക്ലിൻ ഗുളിക നൽകേണ്ടത്. ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് ശുദ്ധജലത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. ഡോക്‌സിസൈക്ലിൻ ഗുളിക എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ വഴിയും സൗജന്യമായി ലഭിക്കും. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്‌സിസൈക്ലിൻ കഴിക്കാൻ പാടില്ല. പകരം ഡോക്ടർ നിർദേശിക്കുന്ന പ്രകാരം അമോക്‌സിസിലിൻ എന്ന മരുന്ന് കഴിക്കേണ്ടതാണ്. രണ്ടു വയസ്സിനു താഴെയുള്ളവർക്ക് കിലോഗ്രാം തൂക്കത്തിന് 10 മില്ലീഗ്രാം എന്ന കണക്കിന് ആഴ്ചയിലൊരിക്കൽ അസിത്രോമൈസിൻ എന്ന ഗുളികയാണ് നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.