കട്ടപ്പന: കാറിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.02 കോടിയുടെ കുഴൽപണവുമായി രണ്ടുപേർ കസ്റ്റഡിയിൽ. ചെന്നൈയിൽനിന്ന് പണം കൊണ്ടുവന്നത് മൂവാറ്റുപുഴ സ്വദേശിക്ക് വേണ്ടിയാണെന്ന് കസ്റ്റഡിയിലുള്ളവർ പറഞ്ഞു. മലപ്പുറം കോട്ടക്കൽ സ്വദേശി പ്രതീഷ് (40), മൂവാറ്റുപുഴ സ്വദേശി ഷബീർ (57) എന്നിവരെയാണ് കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങി. കാറിൽ പ്രത്യേകം നിർമിച്ച രഹസ്യ അറക്കുള്ളിലാണ് രണ്ടായിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകളായി പണം സൂക്ഷിച്ചിരുന്നത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: കട്ടപ്പന ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം കട്ടപ്പന-പുളിയന്മല റോഡിൽ വ്യാഴാഴ്ച പുലർച്ച വാഹന പരിശോധന നടത്തി വരുന്നതിനിടെ സംശയാസ്പദമായി വന്ന കാർ ഹിൽടോപ്പിൽ തടഞ്ഞു പരിശോധിച്ചു. ആദ്യം ഒന്നും കണ്ടെത്താനായില്ല. എന്നാൽ, കാറിലുണ്ടായിരുന്നവരുടെ പരിഭ്രമവും മുഖത്തെ ഭാവമാറ്റവും ശ്രദ്ധയിൽപെട്ട പൊലീസ് കാർ വിശദമായി വീണ്ടും പരിശോധിച്ചു. എന്നിട്ടും ഒന്നും ലഭിക്കാത്തതിനാൽ സംശയം തോന്നിയ പൊലീസ്, വാഹനം അടുത്തുള്ള സർവിസ് സ്റ്റേഷനിൽ എത്തിച്ച് അടിഭാഗം വിശദമായി പരിശോധിച്ചപ്പോഴാണ് രഹസ്യ അറ ശ്രദ്ധയിൽപെട്ടത്. തുടർന്ന് യന്ത്രം കൊണ്ടുവന്ന് രഹസ്യ അറ അറുത്ത് മാറ്റിയപ്പോഴാണ് കുഴൽപണം കണ്ടെത്തിയത്. ഇടുക്കി ജില്ലയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ കുഴൽപണ വേട്ടയാണിത്. മൂവാറ്റുപുഴ സ്വദേശി നൗഷാദിന് കൈമാറാൻ ചെന്നൈയിൽനിന്ന് കൊണ്ടുവന്നതാണ് പണമെന്ന് കസ്റ്റഡിയിലുള്ളവർ വെളിപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു. പ്രതീഷും ഷബീറും പ്രതിഫലം വാങ്ങി പണമെത്തിച്ച് നൽകുന്നവർ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.ഐമാരായ സജിമോൻ ജോസഫ്, പി.എം. ബാബു, സിവിൽ പൊലീസ് ഓഫിസർമാരായ ടോണി ജോൺ, പി.ജെ. സിനോജ്, വി.കെ. അനീഷ്, അനീഷ് വിശ്വംഭരൻ, പി.എസ്. സുബിൻ എന്നിവരും ഉണ്ടായിരുന്നു. ചിത്രം TDG Kuzhalpanam: കട്ടപ്പനയിൽ പൊലീസ് പിടികൂടിയ കുഴൽപണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.