തൊടുപുഴ: ബുധനാഴ്ച രാത്രിയും പുലരുവോളം പെട്ടിമുടിയിൽ മഴ തോരാതെ പെയ്തുകൊണ്ടിരുന്നു. മലവെള്ളത്തിന്‍റെ ഇരമ്പൽ രാജമലയുടെ മനസ്സിൽ മരണത്തിന്‍റെ നടുക്കുന്ന ഓർമകളായി നിറഞ്ഞു. കൺമുന്നിൽനിന്ന് ഉരുൾ കവർന്ന ഉറ്റവരുടെ മുഖങ്ങൾ പെട്ടിമുടിക്ക് ഇന്നും തീരാവേദനയാണ്. 70 പേരുടെ മരണത്തിനിടയാക്കിയ പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന് ശനിയാഴ്ച രണ്ട് വയസ്സ്. കനത്ത മഴയെത്തുടർന്ന് 2020 ആഗസ്റ്റ് ആറിന് രാത്രി 11ന് മൂന്നാർ കണ്ണന്‍ദേവന്‍ തേയില തോട്ടത്തിലെ നയമക്കാട് എസ്റ്റേറ്റിൽ രാജമലക്ക് സമീപമായിരുന്നു ഉരുൾപൊട്ടൽ. രണ്ട് കിലോമീറ്റർ താഴെ കരിന്തിരിയാറിന്റെ തീരത്തെ ചെറുതും വലുതുമായ നാല് ലയങ്ങൾ തകർന്നു. ഉറക്കത്തിലായതിനാൽ ഭൂരിഭാഗം പേർക്കും രക്ഷപ്പെടാനായില്ല. 18 കുട്ടികളും ഗർഭിണിയുമടക്കം 70 പേർ മരിച്ചു. പത്തടി ഉയരത്തിൽ കുമിഞ്ഞുകൂടിയ മണ്ണിനടിയിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടന്നു. ദുരന്തം പുറംലോകമറിയാൻ വൈകിയതും പ്രതികൂല കാലാവസ്ഥയും മതിയായ യാത്രാസൗകര്യമില്ലാത്തതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. സർവസന്നാഹങ്ങളോടെ 19 ദിവസങ്ങളിലായി 133 മണിക്കൂർ നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അച്ഛനമ്മമാരെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന നിലയിൽ കുഞ്ഞുങ്ങളുടെ മൃതദേഹം മണ്ണിനടിയിൽനിന്ന് പുറത്തേക്കെടുക്കുന്ന കാഴ്ചകണ്ട് കേരളം കരഞ്ഞ നാളുകൾ. ചില മൃതദേഹങ്ങൾ സമീപത്തെ പുഴയിലും മറ്റ് ചിലരുടേത് കിലോമീറ്ററുകൾക്കപ്പുറം മരത്തിൽ തങ്ങിനിൽക്കുന്ന നിലയിലുമായിരുന്നു. നാലുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു. നാല് മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ദുരന്തത്തിൽ അമ്മ ചന്ദ്ര (60), മകൻ സഞ്ജയ് (14), സഹോദരപുത്രി അഞ്ജുമോൾ (21)എന്നിവർ നഷ്ടപ്പെട്ട റെജിമോന് ഇപ്പോൾ ഓരോ മഴക്കാലവും വേദനയുടേതാണ്. റെജി താമസിച്ചിരുന്ന ലയത്തിന് താഴെയാണ് ഉരുൾപൊട്ടിയത്. അതിനും താഴെയായിരുന്നു ചന്ദ്രയുടെ സഹോദരന്‍റെ വീട്. അന്ന് സഹോദരനും ഭാര്യയും തമിഴ്നാട്ടിലായതിനാൽ വീടിന് കാവലായി കുട്ടികളെയും കൂട്ടി ഉറങ്ങാൻ പോയതായിരുന്നു ചന്ദ്ര. ശബ്ദം കേട്ട് റെജി ഉണർന്നെത്തുമ്പോഴേക്കും ഉറ്റവർ ഉറങ്ങിയ ലയങ്ങൾ മണ്ണിനടിയിലായിരുന്നു. നാല് ബന്ധുക്കളുടെ മൃതദേഹങ്ങൾ കണ്ടുകിട്ടാത്തതിനാൽ മരണസർട്ടിഫിക്കറ്റിനും അനന്തരാവകാശിയുടെ ആനുകൂല്യങ്ങൾക്കും കാത്തിരിപ്പ് തുടരുന്ന ഷൺമുഖനും പെട്ടിമുടിയുടെ ബാക്കിപത്രമാണ്. 85 കുടുംബങ്ങള്‍ താമസിച്ചിരുന്ന പെട്ടിമുടിയിൽ ഇപ്പോൾ അന്തർസംസ്ഥാന തൊഴിലാളികള്‍ മാത്രം. മറ്റുള്ളവരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രണ്ട് കിലോമീറ്റർ അകലെ രാജമലയിൽ അടുത്തടുത്ത കല്ലറകളിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. മരിച്ചവരുടെ ബന്ധുക്കൾ പുഷ്പാർച്ചനയും പ്രാർഥനകളുമായി ശനിയാഴ്ച ഇവിടെ ഒത്തുകൂടും. TDG Pettimudi പെട്ടിമുടി ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനം (ഫയൽ ചിത്രം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.