മരിച്ച യജമാനന് കാവലാളായി നായ്​

അടിമാലി: വീടിനുള്ളിൽ മരിച്ചുകിടന്ന യജമാനന് കാവൽ നിന്ന ഉണ്ണിയെന്ന വളർത്തുനായ് പൊലീസിനെയും നാട്ടുകാരെയും തടഞ്ഞത്​ മണിക്കൂറുകൾ. അടിമാലി എസ്.എൻ പടിയിൽ ഒറ്റക്ക്​ താമസിക്കുന്ന റിട്ട. എ.എസ്.ഐ കൊന്നയ്ക്കൽ കെ.കെ. സോമന്‍റെ (67) മൃതദേഹത്തിനാണ് വളർത്തുനായ് കാവലാളായി നിന്നത്. മൃതദേഹത്തിന് ഒരുദിവസത്തെ പഴക്കമുണ്ട്. ശനിയാഴ്ച വൈകീട്ടാണ് മരിച്ചതെന്നാണ് നിഗമനം. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച വൈകീട്ട്​ മുതൽ മരുമകൻ ഉമേഷ് സോമന്‍റെ ഫോണിലേക്ക് വിളിച്ചിട്ട് എടുത്തില്ല. വളർത്തുനായ്​ നിർത്താതെ കുരക്കുന്നുണ്ടായിരുന്നു. വീടിന്‍റെ വാതിൽ തുറന്നാണ് കിടന്നിരുന്നത്. ഞായറാഴ്ചയും ഫോൺ എടുക്കാതെ വന്നതോടെ ഉച്ചയോടെ ഉമേഷ് എസ്.എൻ പടിയിലെ വീട്ടിലെത്തി. നായ്​ ഉമേഷിനെ കൂട്ടി വീടിനുള്ളിൽ മരിച്ചുകിടന്ന സോമന്‍റെ അടുത്തെത്തി. ഉമേഷ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. കൂടുതൽ ആളുകൾ എത്തിയതോടെ വളർത്തുനായ്​ ഉമേഷിനെ ഉൾപ്പെടെ ആരെയും വീടിനുള്ളിൽ കയറ്റാതായി. മണിക്കൂറുകൾ പൊലീസും നാട്ടുകാരും ശ്രമിച്ചെങ്കിലും ഉണ്ണിയെ ശാന്തനാക്കാൻ കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. ഒടുവിൽ നാട്ടുകാരെയും പൊലീസിനെയും സംഭവ സ്ഥലത്തുനിന്നും മാറ്റി ഉമേഷ് തനിയെ വീട്ടിൽ എത്തിയപ്പോൾ വളർത്തുനായ്​ ശാന്തമായി. ഉമേഷ് വളർത്തുനായെ തന്ത്രത്തിൽ ഒരു മുറിയിൽ കൊണ്ടുപോയി പൂട്ടിയിട്ടു. പിന്നീട് അഞ്ച് മണിയോടെയാണ് മൃതദേഹം അവിടെനിന്ന്​ അടിമാലി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. idg adi 6 adimali ചിത്രം 2 മരിച്ച സോമൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.