കേരളത്തില്‍ നടക്കുന്നത് അടിയന്തരാവസ്ഥയുടെ തനിയാവര്‍ത്തനം -കുമ്മനം

കോട്ടയം: പൗരാവകാശങ്ങളെ വിലക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിച്ച് വ്യക്തികളെ തുറുങ്കിലടക്കുകയും ചെയ്യുന്നത് അടിയന്തരാവസ്ഥയുടെ തനിയാവര്‍ത്തനമാണെന്ന് മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. 'പൗരാവകാശബോധവും അടിയന്തരാവസ്ഥയും' എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ല ജനാധിപത്യം. സെക്രട്ടേറിയറ്റിന്​ മുന്നിൽനിന്ന് പ്രസംഗിച്ചാല്‍ തുറുങ്കിലടക്കുകയാണ്. എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന പ്രതികാര രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നത്. അടിയന്തരാവസ്ഥയില്‍ പത്രസ്വാതന്ത്ര്യത്തെ കുഴിച്ചുമൂടിയെങ്കില്‍ ഇന്ന് പത്രങ്ങളെ ഭരണക്കാരുടെ സ്തുതിപാഠകരാക്കാനും തങ്ങളുടെ താൽപര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു. അധികാര ദുര്‍വിനിയോഗം നാശത്തിലെത്തിക്കുമെന്ന്​ ഓര്‍ക്കണം. അടിയന്തരാവസ്ഥക്കെതിരെ പൊരുതിയവരെ പീഡിപ്പിച്ചു. അവര്‍ക്കുവേണ്ട സഹായം എത്തിക്കാനും ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കുമ്മനം പറഞ്ഞു. അടിയന്തരാവസ്ഥ വിരുദ്ധ സമരപോരാളി പി.കെ. രവീന്ദ്രന്‍ വിഷയാവതരണം നടത്തി. ജനപക്ഷം സംസ്ഥാന പ്രസിഡന്‍റ്​ പി.സി. ജോര്‍ജ്, അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ലിജിന്‍ ലാല്‍, ജില്ല ജനറല്‍ സെക്രട്ടറി പി.ജി. ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം: KTL Seminar അടിയന്തരാവസ്ഥയുടെ 47-ാം വാര്‍ഷികത്തില്‍ കോട്ടയത്ത്​ നടത്തിയ സെമിനാര്‍ മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.