എം.ജിയിൽ ബിരുദ ഫലം പ്രസിദ്ധീകരിച്ചത്​ ഗ്രേസ്​ മാർക്ക്​ ചേർക്കാതെ

പുതിയ ഫലം ഉടൻ; തോറ്റവർ ജയിക്കും കോട്ടയം: തുടർച്ചയായി രണ്ടാംവർഷവും എം.ജിയിൽ ബിരുദഫലം പ്രസിദ്ധീകരിച്ചത്​ ഗ്രേസ്​ മാർക്ക്​ ചേർക്കാതെ. സംസ്ഥാനത്ത്​ ആദ്യം ബിരുദ ഫലം പ്രസിദ്ധീകരിച്ച സർവകലാശാലയെന്ന പ്രശസ്​തി നേടാൻ ചില സിൻഡിക്കേറ്റ്​ അംഗങ്ങൾ സമ്മർദം ചെലുത്തിയതിനാലാണ്​ ഇത്തരത്തിൽ ഫലം പ്രസിദ്ധീകരിക്കുന്നതെന്നാണ്​ സർവകലാശാല ജീവനക്കാർ നൽകുന്ന സൂചന. എൻ.എസ്​.എസ്​, എൻ.സി.സി, സ്​കൗട്ട്​ എന്നിവയിൽ പ്രവർത്തിച്ചവർക്കും ശാരീരിക പരിമിതി നേരിടുന്നവർക്കും അർഹമായ ഗ്രേസ്​ മാർക്ക്​ ലഭിച്ചിട്ടില്ല. ഇതോടെ നിരവധി കുട്ടികൾ തോറ്റതായാണ്​ ഫലം വന്നിരിക്കുന്നത്​. സർവകലാശാലക്ക്​ കീഴിലുള്ള ഇരുനൂറോളം കോളജുകളിൽ മിക്കവയിലും 150ൽ കൂടുതൽ കുട്ടികൾക്ക്​ ഗ്രേസ്​ മാർക്കിന്​ അർഹതയുണ്ട്​. ഈ മാസം ഏഴാംതീയതിയാണ്​ ബിരുദഫലം പുറത്തുവിട്ടത്​. പരീക്ഷ നടന്ന്​ 23 ദിവസത്തിനകം ഫലം പ്രസിദ്ധീകരിച്ചുവെന്ന ഖ്യാതിനേടാൻ ഇതോടെ​ എം.ജി സർവകലാശാലക്ക്​ കഴിഞ്ഞു. ഗ്രേസ്​ മാർക്ക്​ ഉൾപ്പെടുത്തിയ ഫലം പ്രസിദ്ധീകരിക്കാൻ കുറച്ച്​ ദിവസങ്ങൾകൂടി വേണ്ടിവരുമെന്നതിനാലാണ്​ അതിനു കാത്തുനിൽക്കാതെ ഫലം പ്രസിദ്ധീകരിച്ചത്​. ഗ്രേസ്​ മാർക്ക്​ ചേർക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്​. നിലവിൽ തോറ്റതായി ഫലം വന്നിരിക്കുന്ന നൂറുകണക്കിന്​ കുട്ടികൾ വിജയിച്ചിട്ടുണ്ട്​. ഈ ജോലി പൂർത്തിയായവരുടെ മാർക്ക്​ ലിസ്റ്റുകൾ അച്ചടിക്കുന്നതിനുള്ള നടപടി സർവകലാശാല തുടങ്ങിയിട്ടുണ്ട്​. രണ്ടുദിവസങ്ങൾക്കകം മാർക്ക് ​ലിസ്റ്റുകളുടെ വിതരണം തുടങ്ങും. കഴിഞ്ഞവർഷവും ബിരുദഫലം പറേത്തുവിട്ട്​ ഏറെനാളുകൾക്ക്​ ശേഷമാണ്​ ഗ്രേസ്​ മാർക്ക്​ ഉൾപ്പെടുത്തിയ ഫലം പ്രസിദ്ധീകരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.