ഹിന്ദു യുവാവിന്‍റെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ സ്വന്തം വീട്ടുമുറ്റത്ത്​ സൗകര്യമൊരുക്കി ക്രൈസ്തവ കുടുംബം

കോട്ടയം: . മാങ്ങാനം തുരുത്തേൽ പാലത്തിന്​ സമീപം തൈക്കടവിൽ അപ്പുക്കുട്ടന്‍റെ മകൻ ടി.എ. സിബിയുടെ (42) മരണാനന്തര ചടങ്ങുകളാണ്​ മനുഷ്യത്വത്തിന്‍റെ വലിയ മാതൃകയൊരുക്കിയത്​. ജീവിതശൈലീ രോഗങ്ങൾ മൂലം ഏറെനാളായി ചികിത്സയിലായിരുന്ന സിബി വ്യാഴാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലാണ്​ മരിച്ചത്​. വെള്ളിയാഴ്ച ഉച്ചക്ക്​ ഒന്നിനാണ്​ സംസ്കാരം തീരുമാനിച്ചത്. സിബിയുടെ വീട്ടിലേക്ക്​ മൃതദേഹം കൊണ്ടുപോകുന്നതിന് ഒരു ചെറിയ ഇടവഴി മാത്രമാണുള്ളത്. മാത്രമല്ല മൂന്നുസെന്‍റ്​ സ്ഥലത്തുള്ള വീട്ടിൽ മൃതദേഹം പൊതുദർശനത്തിനുവെക്കാനുള്ള സൗകര്യങ്ങളുമില്ലായിരുന്നു. 17ആം വാർഡ് കൗൺസിലർ ജൂലിയസ് ചാക്കോയുടെ അഭ്യർഥന മാനിച്ച്​ അയൽവാസി ആലുങ്കൽ അലക്സാണ്ടർ മാത്യു സ്വന്തം വീടിന്‍റെ മുറ്റത്ത്​ സിബിയുടെ മൃതദേഹം വെക്കാനുള്ള സൗകര്യം നൽകുകയായിരുന്നു. ഇതിനായി വീടിന്​ മുന്നിൽ താൽക്കാലിക പന്തൽ ഒരുക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചവരെ മൃതദേഹം അലക്സാണ്ടറുടെ വീട്ടുമുറ്റത്തെ പന്തലിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചു. തുടർന്ന്​ സിബിയുടെ വീട്ടിലെത്തിച്ച്​ കർമങ്ങൾ ചെയ്തശേഷം മാങ്ങാനം എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കരിച്ചു. കാറ്ററിങ് തൊഴിലാളിയായിരുന്നു സിബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.