എം.എം. മണിയുടെ സഹോദരന്‍റെ ടൂറിസം പദ്ധതി വിവാദത്തിൽ

-പുറമ്പോക്ക് കൈയേറിയും ഭൂപതിവ് ചട്ടം ലംഘിച്ചുമാണ് നിർമാണമെന്നാണ് ആക്ഷേപം അടിമാലി: വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി കൊച്ചി-ധനുഷ്​കോടി ദേശീയപാതയോട്​ ചേർന്ന്​ വെള്ളത്തൂവൽ വില്ലേജിലെ ഇരുട്ടുകാനത്ത് നിർമാണം പുരോഗമിക്കുന്ന സിപ്​ലൈന്‍ പദ്ധതിക്കെതിരെ ആക്ഷേപം. എം.എം. മണി എം.എൽ.എയുടെ സഹോദരന്‍ ലംബോദരന്‍റെ ഭാര്യയുടെ പേരിലുള്ള പട്ടയഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളെ ചൊല്ലിയാണ്​ വിവാദം. പുറമ്പോക്ക് കൈയേറിയും 1964ലെ ഭൂപതിവ് ചട്ടം ലംഘിച്ചുമാണ് നിർമാണമെന്നാണ് ആക്ഷേപം. രണ്ട്​ മലകളെ തമ്മില്‍ ബന്ധിപ്പിച്ച്​ കേബിളില്‍ തൂങ്ങി സഞ്ചരിക്കാവുന്ന സാഹസിക വിനോദമാണ് സിപ്​ലൈന്‍. പദ്ധതിക്ക്​ വെള്ളത്തൂവല്‍ പഞ്ചായത്തും ഡി.ടി.പി.സിയും അനുമതി നല്‍കിയിരുന്നു. എല്‍.എ പട്ടയങ്ങളില്‍ ഗാര്‍ഹികേതര നിർമാണത്തിന് അനുമതിയില്ലെന്നിരിക്കെ വാണിജ്യപരമായ നിർമാണമാണ്​ ആരോപണ നിഴലിലായത്​. പഞ്ചായത്തും ടൂറിസം വകുപ്പും വഴിവിട്ട്​ അനുമതി നൽകിയെന്നാണ്​ പ്രധാന വിമർശനം. എന്നാൽ, സ്ഥിരം നിര്‍മിതിയല്ലാത്തതിനാല്‍ റവന്യൂ വകുപ്പിന്‍റെ നിരാക്ഷേപ പത്രം ആവശ്യമില്ലെന്ന്​​ പഞ്ചായത്ത് അധികൃതർ പറയുന്നു. 2018ലെ പ്രളയത്തില്‍ സ്വകാര്യ ജലവൈദ്യുതി പദ്ധതി പ്രദേശത്ത് ഉരുള്‍പൊട്ടി നാശനഷ്ടമുണ്ടായ മലയോട്​ ചേര്‍ന്നാണ്​ നിര്‍മാണം നടന്നുവരുന്നത്. നിർമാണം പരിസ്ഥിതിലോല മേഖലക്കും ദേശീയപാതക്കും ഭീഷണിയാണെന്നും ആരോപണമുണ്ട്​. ഇതു​സംബന്ധിച്ച്​ പൊതുപ്രവർത്തകൻ രവി ഉള്ള്യേരി ജില്ല കലക്ടർക്കും ദേശീയപാത അധികൃതർക്കും റവന്യൂ സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. അതേസമയം, സമാന രീതിയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് പദ്ധതിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന്​ ലംബോദരൻ പറഞ്ഞു. ഇത്​ വ്യക്തിഹത്യയുടെ ഭാഗമാണ്​. നിലവിലെ ചട്ടങ്ങൾ പാലിച്ച്​ നിയമാനുസൃത രീതിയില്‍ മാത്രമാണ്​ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും ലംബോദരന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.