കോട്ടയം: കല്ലാർകുട്ടി ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലിന്‍റെ അളവ് കണ്ടെത്താനുള്ള പരിശോധനക്ക് തുടക്കമായി. ഡാമിലെ മണൽ വിൽക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി, കോഴിക്കോട് എൻ.ഐ.ടിയാണ് പഠനം നടത്തുന്നത്. ഡാമിൽനിന്ന് സാമ്പിൾ ശേഖരിച്ച് നടത്തുന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിൽ മണലിന്‍റെ മൊത്തം അളവ് കണ്ടെത്തും. തുടർന്ന് വില നിർണയിക്കാനാണ് ധാരണ. എൻ.ഐ.ടിയിൽനിന്നുള്ള വിദഗ്ധരെത്തിയാണ് ഡാമിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി സാമ്പിൾ ശേഖരണം ആരംഭിച്ചിരിക്കുന്നത്. മൂന്ന് മീറ്റർ ആഴത്തിൽ വരെയാണ് പരിശോധന. ഒരോ മീറ്ററിലെയും ഏറ്റവും അടിത്തട്ടിലെയും സാമ്പിളുകളാകും ശേഖരിക്കുക. ഇത് ശാസ്ത്രീയമായി പരിശോധിച്ചാകും മണലിന്‍റെ അളവും ഗുണനിലവാരവും കണ്ടെത്തുക. നാലുമാസമാണ് കാലാവധി. ഇത് പൂർത്തിയായശേഷം വില നിശ്ചയിച്ച് മണൽവാരാൻ കരാർ നൽകാനാണ് തീരുമാനം. നേരത്തേ കെ.എസ്.ഇ.ബി നിയോഗിച്ച സ്വകാര്യ ഏജൻസിയുടെ കണക്കെടുപ്പിൽ കല്ലാർകുട്ടി ഡാമിന്‍റെ സംഭരണശേഷിയിൽ വലിയതോതിൽ കുറവ് കണ്ടെത്തിയിരുന്നു. അടിത്തട്ടിൽ ചളിയും മണലും നിറഞ്ഞതിനാൽ വെള്ളം സംഭരിക്കാനുള്ള ശേഷിയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായെന്നായിരുന്നു ഇവരുടെ പഠന റിപ്പോർട്ട്. ഇതോടെ ഇവിടെനിന്ന് പരീക്ഷണാടിസ്ഥാനത്തിൽ മണൽ നീക്കാൻ കെ.എസ്.ഇ.ബി തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് മണലിന്‍റെയും അളവ് വേർതിരിക്കുന്നത്. ഇതിനായി ഡാമുകളുടെ പരിപാലനച്ചുമതലയുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷൻ ടെൻഡർ ക്ഷണിച്ച് എൻ.ഐ.ടിക്ക് കരാർ നൽകുകയായിരുന്നു. ഇവരുടെ പഠനം പൂർത്തിയാക്കിയതിനുശേഷം വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാറിന് ഡാം സേഫ്റ്റി ഓര്‍ഗനൈസേഷൻ റിപ്പോർട്ട് നൽകും. ഇത് സർക്കാർ അംഗീകരിച്ചാൽ മണ്ണൽവാരൽ ആരംഭിക്കും. വൈദ്യുതി ഉൽപാദനത്തെ ബാധിക്കാതെ മണലെടുക്കണമെന്ന നിബന്ധനയോടെയാകും കരാർ നൽകുക. കല്ലാർകുട്ടിയിലേത് വിജയമായാൽ അടുത്ത ഘട്ടത്തിൽ കൂടുതൽ ഡാമുകളുടെ യഥാർഥ സംഭരണശേഷി കണ്ടെത്താൻ പഠനം നടത്തിയശേഷം മണൽ നീക്കും. സംസ്ഥാനത്തെ ഡാമുകളുടെ സംഭരണശേഷി കുറഞ്ഞതായി കെ.എസ്.ഇ.ബി കണ്ടെത്തിയിരുന്നു. നിർമാണഘട്ടത്തിലെ സംഭരണശേഷിയാണ് ഇപ്പോഴും കണക്കുകളിൽ ഉപയോഗിക്കുന്നതെങ്കിലും യഥാർഥത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന അളവ് ഇതിലും കുറവാണെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. ഇതിൽ വ്യക്തത വരുത്താൻ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തിൽ ചെറുഡാമുകളിൽ പഠനത്തിന് ജിയോ മറൈൻ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ ചുമതലപ്പെടുത്തുകയായിരുന്നു. മാട്ടുപ്പെട്ടി, ആനയിറങ്കൽ, പൊന്മുടി, ചെങ്ങളം, കല്ലാർകുട്ടി എന്നിവിടങ്ങളിലായിരുന്നു പഠനം. ഇതിൽ സംഭരണശേഷിയിൽ ഏറ്റവും കുറവ് കണ്ടെത്തിയത് കല്ലാർകുട്ടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.