പാലാ ഗവ. ജനറൽ ആശുപത്രി ഇനി കെ.എം. മാണിയുടെ പേരിൽ

പാലാ: ഗവ. ജനറൽ ആശുപത്രിക്ക്​ കെ.എം. മാണിയുടെ പേര്​ നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. പാലാ നഗരസഭയുടെയും ആശുപത്രി മാനേജിങ്​ കമ്മിറ്റിയുടെയും തീരുമാനം മന്ത്രി റോഷി അഗസ്റ്റ്യൻ മുഖേന ആരോഗ്യവകുപ്പിന് സമർപ്പിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ്​ മന്ത്രിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ മാണിയുടെ പേര്​ നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്, 2004ലാണ് മീനച്ചിൽ താലൂക്ക് ആശുപത്രിയെ കെ.എം. മാണിയുടെ ശിപാർശയിൽ 341 ബെഡുള്ള ജനറൽ ആശുപത്രിയായി എല്ലാ സ്പെഷാലിറ്റി വിഭാഗങ്ങളോടും കൂടി മാറ്റിയത്. ഏഴു നിലകളോടെ ബഹുനില സമുച്ചയവും നിർമിച്ചു. തുടർന്ന് കെ.എം. മാണി ആസ്തി വികസനഫണ്ടിൽനിന്ന്​ നൽകിയ 9.75 കോടി മുടക്കിൽ രോഗനിർണയ കേന്ദ്രവും പിന്നീട് 40 കോടിയുടെ ഭരണാനുമതി നൽകി ഒ.പി കം അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, കാത്​ലാബ് ബ്ലോക്ക് എന്നീ കെട്ടിടസമുച്ചയങ്ങളും നിർമിച്ചു. ആവശ്യമായ തസ്തികളും അനുവദിച്ചു നൽകി. 2019ൽ ചേർന്ന ആശുപത്രി മാനേജിങ്​ കമ്മിറ്റിയും പാലാ നഗരസഭ കൗൺസിലും ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര്​ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി സർക്കാറിലേക്ക് നൽകിയിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. ഈ വിഷയം മന്ത്രി റോഷി അഗസ്റ്റ്യൻ വീണ്ടും സർക്കാർ ശ്രദ്ധയിൽകൊണ്ടുവന്നിരുന്നു. തീരുമാനത്തെ പാലാ നഗരസഭ ചെയർമാൻ ആന്‍റോ പടിഞ്ഞാറേക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു. add on p4 lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.