ദേവസഹായം പിള്ളക്കെതിരെ 'കേസരി'; പ്രതിഷേധവുമായി കെ.സി.വൈ.എം

തോമാശ്ലീഹ കേരളത്തില്‍ വന്നുവെന്നതും വ്യാജ ചരിത്രമെന്ന്​ കോട്ടയം: ഫ്രാൻസിസ്​ മാർപാപ്പ വിശുദ്ധപദവിയിലേക്ക്​ ഉയർത്തിയ രാജ്യത്തെ ആദ്യ അൽമായനായ ദേവസഹായം പിള്ളക്കെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്​.എസ്​ മുഖപത്രമായ 'കേസരി'യിൽ ലേഖനം. രാജഭരണകാലത്തെ ചില സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്രൈസ്തവ മിഷണറിമാര്‍ നടത്തിയ മതപരിവര്‍ത്തന പദ്ധതിയുടെ ഇരയായിരുന്നു ദേവസഹായം പിള്ളയെന്ന്​ കുറ്റപ്പെടുത്തുന്ന ലേഖനം, കത്തോലിക്ക സഭക്കും വിശുദ്ധപദവി പ്രഖ്യാപനത്തിനുമെതിരെ കടുത്ത ആരോപണങ്ങളാണ്​ ഉയർത്തുന്നത്​. മതതാല്‍പര്യം മുന്‍നിര്‍ത്തി വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവ സഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്‍പര്യം കുപ്രസിദ്ധമാണെന്നും 'ദേവസഹായം പിള്ളയും വിശുദ്ധ പാപങ്ങളും' തലക്കെട്ടിൽ മുരളി പാറപ്പുറം എഴുതിയ ലേഖനത്തിൽ പറയുന്നു. ഇതിനെതിരെ കത്തോലിക്ക സഭയുടെ യുവജന വിഭാഗമായ കേരള കാത്തലിക്​ യൂത്ത്​ മൂവ്​മെന്‍റ്​ (​​കെ.സി.വൈ.എം) രംഗത്തെത്തി. ലേഖനം പിൻവലിച്ച്​ മാപ്പുപറയാൻ ആർ.എസ്​.എസ്​ തയാറാകണമെന്ന്​ ​​കെ.സി.വൈ.എം സംസ്ഥാനസമിതി ആവശ്യപ്പെട്ടു. ഭാരതത്തിലെ ആദ്യത്തെ അൽമായ വിശുദ്ധൻ ദേവസഹായം പിള്ളയെയും കത്തോലിക്ക സഭയെയും അവഹേളിക്കുന്നതാണ്​ ലേഖനം. ​ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്‍റെ പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങുകയും ഒടുവിൽ കാറ്റാടിമലയിൽ പ്രാർഥനാപൂർവം മരണത്തെ സ്വീകരിക്കുകയും ചെയ്ത ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തെ വളരെ ക്രൂരമായാണ്​ 'കേസരി' വളച്ചൊടിച്ചിരിക്കുന്നതെന്ന്​ കെ.സി.വൈ.എം കുറ്റപ്പെടുത്തി. ഹിന്ദുവായിരുന്ന ദേവസഹായം പിള്ള ക്രിസ്തുമതം സ്വീകരിച്ചതിന് പറയപ്പെടുന്ന കാരണങ്ങളൊന്നും വസ്തുതാപരമ​​ല്ലെന്നും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്​. ആത്മീയമായ എന്തെങ്കിലും പ്രചോദനമാണ് ഈ മതംമാറ്റത്തിന് പിന്നിലെന്ന് കരുതാനാവില്ല. കമുകിന്‍തോട് സെന്‍റ്​ അന്തോണീസ് പള്ളിയിലെ പുണ്യവാളന്‍റെ രൂപം ദേവസഹായം പിള്ളയാണ് സമര്‍പ്പിച്ചതെന്ന കഥകള്‍ മതംമാറ്റ പദ്ധതിയുടെ ഭാഗമായി മെനഞ്ഞെടുത്തതാകാം. ദേവസഹായം പിള്ളയുടെ ജീവിതത്തിന് വിശുദ്ധനാക്കപ്പെടാനുള്ള ഒരു മഹത്വവുമില്ല. മതംമാറിയതിനുള്ള ആത്മബലിയൊന്നുമായിരുന്നില്ല, അധികാര ദുരുപയോഗവും മോഷണവും രാജ്യദ്രോഹവും ചെയ്തതിന്‍റെ അനന്തരഫലമായിരുന്നു ദേവസഹായം പിള്ളയുടെ ശിക്ഷ. സത്​പ്രവൃത്തികളൊന്നും ചെയ്യാതിരുന്ന ഒരാളെ മതംമാറി എന്ന ഒറ്റക്കാരണത്താല്‍ വിശ്വാസത്തിന്‍റെ രക്തസാക്ഷിയായി അവതരിപ്പിക്കുകയായിരുന്നു. ഈ കുടിലതന്ത്രത്തിന്‍റെ പരിസമാപ്തിയാണ് ദേവസഹായം പിള്ളയെ വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാന്‍റെ നടപടി. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്നുവെന്ന കഥ കത്തോലിക്ക സഭയുടെ വ്യാജചരിത്ര നിര്‍മാണത്തിന് എക്കാലത്തെയും മികച്ച ഉദാഹരണമാണെന്നും ലേഖനത്തിൽ ആരോപിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.