സംഗീതത്തെ വിശ്വാസത്തണലിൽ ചേർത്തുനിർത്തിയ ഇടയശ്രേഷ്​ഠൻ

കോട്ടയം: വിശ്വാസത്തിന്‍റെ ആഴപ്പരപ്പിനൊപ്പം സംഗീതത്തെയും​ ചേർത്തുനിർത്തിയ ഇടയശ്രേഷ്​ഠനായിരുന്നു സഖറിയാസ് മാര്‍ പോളികാർപോസ്. സ്വരമാധുര്യത്തിന്‍റെ തണലില്‍ വിശ്വാസികൾക്കിടയിൽ ശ്രദ്ധേയനുമായിരുന്നു ചൊവാ​ഴ്ച അന്തരിച്ച മാര്‍ പോളികാര്‍പോസ്. പെരുന്നാള്‍ കുര്‍ബാനയിലെ നിറസാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം. മലബാര്‍ ഭദ്രാസനത്തിന്‍റെ ചുമതല വഹിച്ചിരുന്നപ്പോഴും മധ്യകേരളത്തിലെ വിവിധ ദേവാലയങ്ങളിലെ പെരുന്നാള്‍ കുര്‍ബാനയിലും വിവാഹ, സംസ്‌കാര ശുശ്രൂഷകളില്‍ മെത്രാപ്പോലീത്തയെ ക്ഷണിക്കുന്നതും പതിവായിരുന്നു. ​വൈദികപദവിയിലേക്ക്​ എത്തുംമുമ്പ്​ ഗാനമേളകളിലും ഇദ്ദേഹം സാന്നിധ്യമായിരുന്നു. മലബാര്‍ ഭദ്രാസനത്തെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക്​ നയിക്കാനും അദ്ദേഹം ഏറെ പ്രയത്‌നിച്ചു. മുന്‍ഗാമിയായിരുന്ന യൂഹാനോന്‍ മാര്‍ പോളികാര്‍പോസ് മെത്രാപ്പോലീത്തയുടെ വിയോഗത്തോടെ മലബാര്‍ ഭദ്രാസനത്തിന്‍റെ ചുമതല ഏറ്റെടുത്ത മെത്രാപ്പോലീത്ത, ഭദ്രാസനത്തിന്‍റെ വൈവിധ്യങ്ങളായ പുരോഗതിക്ക്​ ചുക്കാന്‍ പിടിച്ചു. ഭദ്രാസനത്തിലെ പള്ളികളിലെ ആരാധനക്രമങ്ങള്‍ക്ക് ഏകീകരണം നടപ്പാക്കിയത്​​ ഏറെ ശ്രദ്ധേയനാക്കി. സംഘാടകമികവിനൊപ്പം സൗഹൃദവും അദ്ദേഹം എക്കാലവും കാത്ത് ​പരിപാലിച്ചു. ദേവാലയങ്ങള്‍ യാക്കോബായ വിശ്വാസികള്‍ക്ക് നഷ്​ടപ്പെട്ട ഘട്ടങ്ങളിൽ മുന്നില്‍നിന്ന്​ നയിക്കാന്‍ മെത്രാപ്പോലീത്ത ഉണ്ടായിരുന്നു. സന്തതസഹചാരിയും കോട്ടയം ഭദ്രാസന മുന്‍ സെക്രട്ടറിയുമായിരുന്ന ഫാ. കുര്യാക്കോസ് കടവുംഭാഗത്തിനൊപ്പം പള്ളികള്‍ക്ക്​ മുന്നില്‍ വിശ്വാസികള്‍ക്കൊപ്പം നിലകൊണ്ടു. പിറവം, മുളന്തുരുത്തി പള്ളികളില്‍ പൊലീസ് ബലപ്രയോഗത്തിലൂടെ വിശ്വാസികളെ പുറത്താക്കിയപ്പോള്‍ മെത്രാപ്പോലീത്തയെ നിലത്തിഴച്ചുകൊണ്ടുപോകുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. മലബാര്‍ ഭദ്രാസനത്തിന്‍റെ ചുമതല ഒഴിഞ്ഞശേഷം പൊത്തന്‍പുറം മാര്‍ ഇഗ്​നാത്തിയോസ് പള്ളിയിലും ബ്ലോസംവാലി സ്‌കൂള്‍ ഓഫ് എയ്ഞ്ചല്‍സ് ആന്‍ഡ് തെറപ്പി സെന്‍ററിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. അന്തിമോപചാരം അര്‍പ്പിച്ച് നിരവധി പ്രമുഖര്‍ കോട്ടയം: അന്തരിച്ച സഖറിയാസ് മാര്‍ പോളികാര്‍പോസ് മെത്രാപ്പോലീത്തക്ക്​ അന്തിമോപചാരം അര്‍പ്പിച്ച് നിരവധി പ്രമുഖര്‍. മണര്‍കാട് സെന്‍റ്​ മേരീസ് കത്തീഡ്രലിലും തുടർന്ന്​ കുറിച്ചി സെന്‍റ്​ മേരീസ് പുത്തന്‍പള്ളിയില്‍ ഭൗതികശരീരം പൊതുദർശനത്തിനുവെച്ചപ്പോൾ നൂറുകണക്കിന് ​പേരാണ്​ അന്ത്യാഞ്ജലി അർപ്പിച്ചത്​. ചൊവ്വാഴ്ച വൈകീട്ട്​ ഏഴുവരെയായിരുന്നു മണര്‍കാട് സെന്‍റ്​ മേരീസ് കത്തീഡ്രലിലെ പൊതുദർശനം. ഉമ്മന്‍ ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ മാത്യു കുഴല്‍നാടന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, എല്‍ദോസ് കുന്നപ്പിള്ളി, നേതാക്കളായ ടി.യു. കുരുവിള, നാട്ടകം സുരേഷ്, ജോസഫ് എം. പുതുശ്ശേരി, കെ.സി. ജോസഫ്, പി.സി. തോമസ് എന്നിവര്‍ മണർകാട്ടെത്തി ആദരാഞ്​ജലി അര്‍പ്പിച്ചു. കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടവും മണര്‍കാട് സെന്‍റ്​ മേരീസ് കത്തീഡ്രലില്‍ നടന്നു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.