ആശയങ്ങളെ ഉല്‍പന്നങ്ങളാക്കി മാറ്റാന്‍ വിദ്യാർഥികള്‍ക്ക് കഴിയണം -ഡോ. സാബു തോമസ്

രാമപുരം: ലോകോത്തര സര്‍വകലാശാലകളുമായി ചേര്‍ന്ന് ക്രഡിറ്റ് ട്രാന്‍സ്ഫര്‍ പ്രോഗ്രാം എം.ജി യൂനിവേഴ്‌സിറ്റിയില്‍ ഉടന്‍ ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്. ദേശീയ വിദ്യാഭ്യാസനയം 2020 വിഷയത്തില്‍ രാമപുരം മാര്‍ ആഗസ്തീനോസ് കോളജില്‍ നടന്ന ഏകദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രഡിറ്റ് ട്രാന്‍സ്ഫര്‍ പ്രോഗ്രാം നടപ്പാക്കുന്നതിലൂടെ വിദ്യാർഥികള്‍ക്ക് പഠന പദ്ധതിയുടെ ഭാഗമായി വിവിധ സര്‍വകലാശാലകളില്‍ പഠനത്തിനുള്ള സൗകര്യം ലഭിക്കും. മറ്റു സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്ക് എം.ജി യൂനിവേഴ്‌സിറ്റിയുടെ ഭാഗമാകാനും കഴിയും. ആശയങ്ങളെ വിപണന സാധ്യതയുള്ള ഉല്‍പന്നങ്ങളാക്കി മാറ്റാന്‍ വിദ്യാർഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു സെഷനുകളായി നടന്ന ദേശീയ സെമിനാറില്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ സംസാരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. റോയി എബ്രഹാം ദേശീയ വിദ്യാഭ്യാസ നയത്തി‍‍ൻെറ രൂപരേഖ അവതരിപ്പിച്ചു. കോളജ് മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ജോസഫ് ആലഞ്ചേരില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.