കൂറുമാറ്റം: ശാന്തമ്മ വര്‍ഗീസ്​ തിരുവല്ല നഗരസഭ ചെയർപേഴ്സൻ

യു.ഡി.എഫിന്​ വൈസ്​ ചെയർമാൻ തിരുവല്ല: അംഗങ്ങൾ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് തൃശങ്കുവിലായ നഗരസഭ ചെയർപേഴ്സൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നറുക്കെടുപ്പിൽ കലാശിച്ചു. വോട്ടിങ്ങിൽ ഇടത് - വലത് മുന്നണികൾ തുല്യത പാലിച്ചതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽ.ഡി.എഫിന് അധ്യക്ഷ സ്ഥാനവും യു.ഡി.എഫിന് ഉപാധ്യക്ഷ സ്ഥാനവും ലഭിച്ചു. നഗരസഭ അധ്യക്ഷയായി എൽ.ഡി.എഫിലെ ശാന്തമ്മ വര്‍ഗീസും ഉപാധ്യക്ഷനായി യു.ഡി.എഫിലെ ജോസ് പഴയിടവും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനം ഇരുമുന്നണികളും പങ്കിട്ടെടുക്കുന്നത്. യു.ഡി.എഫിനൊപ്പമുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വർഗീസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ കൂറുമാറി എൽ.ഡി.എഫിന് വോട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ നടത്തിയ ചടുല നീക്കങ്ങളിലൂടെയാണ് 14 അംഗങ്ങളുള്ള എൽ.ഡി.എഫ് സ്വതന്ത്രയുടെ പിന്തുണയോടെ കൂറുമാറി വന്ന ശാന്തമ്മ വർഗീസിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഒരംഗത്തെ നഷ്ടമായ യു.ഡി.എഫ്, എൻ.ഡി.എ സ്വതന്ത്രൻ രാഹുൽ ബിജുവിനെ ഒപ്പം നിർത്തി എൽ.ഡി.എഫിനൊപ്പം തുല്യത പാലിച്ചു. ഇതേതുടർന്നാണ് നറുക്കെടുപ്പ് നടത്തിയത്. ആദ്യം എൽ.ഡി.എഫിനെയും രണ്ടാമത് യു.ഡി.എഫിനെയുമാണ് ഭാഗ്യം തുണച്ചത്. ശാന്തമ്മയുടെയും സ്വതന്ത്രയുടെയും പിന്തുണയിലാണ് എല്‍.ഡി.എഫ്​ 16 വോട്ടുകള്‍ നേടിയത്. യു.ഡി.എഫിലെ മുൻ ധാരണ പ്രകാരം ചെയർ പേഴ്സനായിരുന്ന ബിന്ദു ജയകുമാറും വൈസ് ചെയർമാനായിരുന്ന ഫിലിപ്പ് ജോർജും രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 39 അംഗങ്ങളിൽ ബി.ജെ.പി.യിലെ ആറ് അംഗങ്ങളും എസ്.ഡി.പി.ഐയുടെ ഒരു അംഗവും വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. വരണാധികാരി ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം.എസ്. രേണുഭായ് മുമ്പാകെ ശാന്തമ്മ വർഗീസും ജോസ് പഴയിടവും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. ചി​ത്രം പി.ടി.ജി. 10 ശാന്തമ്മ വർഗീസ്​ പി.ടി.ജി 11 ജോസ്​ പഴയിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.