കോട്ടയം: വെള്ളൂർ കേരള പേപ്പർ പ്രൊഡക്‌ട്‌സിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബിയുമായി പുതിയ കരാർ ഉണ്ടാക്കും. മന്ത്രിമാരായ പി. രാജീവ്, കെ. കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. കേരള പേപ്പർ പ്രൊഡക്‌സിന്‍റെ പ്രവർത്തനങ്ങൾക്കായി എക്‌സ്‌ട്രാ ഹൈ ടെൻഷൻ (ഇ.എച്ച്.ടി) കണക്ഷനാണ് ആവശ്യമുള്ളത്. പേപ്പർ കമ്പനിയെ സർക്കാർ ഏറ്റെടുത്ത് കേരള പേപ്പർ പ്രൊഡക്‌ട്‌സ് ലിമിറ്റഡിന് രൂപംനൽകിയ സാഹചര്യത്തിൽ, പഴയ കമ്പനിയായ എച്ച്.എൻ.എല്ലും കെ.എസ്.ഇ.ബിയുമായുള്ള മുൻ കരാർ അവസാനിച്ചു. പുതിയ കമ്പനിയുടെ പ്രവർത്തനത്തിനാണ് പുതിയ കരാർ. കെ.പി.പി.എല്ലും കെ.എസ്.ഇ.ബിയും തമ്മിൽ രണ്ട് ഘട്ട കരാറുകളാണ് ഒപ്പുവെക്കുക. പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്ന നിലവിലെ ഘട്ടം ഉൾക്കൊള്ളുന്ന ഒരു ഇടക്കാല കരാറിൽ ആദ്യം ഏർപ്പെടും. പിന്നീട്, പ്ലാന്‍റ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിന് തയാറാകുമ്പോൾ, പരമാവധി ആവശ്യം പരിഗണിച്ച് പുതുക്കിയ കരാറിലും ഏർപ്പെടും. കെ.പി.പി.എല്ലിന്‍റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ മരവും അസംസ്‌കൃത വസ്തുക്കളും മിതമായ നിരക്കിൽ വിതരണം ചെയ്യാൻ വനംവകുപ്പുമായി തത്ത്വത്തിൽ ധാരണയായതായി മന്ത്രി പി. രാജീവ് അറിയിച്ചു. ഇതുസംബന്ധിച്ച നിർദേശം ഉടൻ മന്ത്രിസഭയിൽ സമർപ്പിക്കും. സർക്കാർ ഓഫിസുകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന മുഴുവൻ പാഴ്‌പേപ്പറും പൾപ്പ് ഉൽപാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുവായി മാറും. ഇതിനുള്ള നിർദേശം സർക്കാറിന്‍റെ സജീവ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. കെ.പി.പി.എൽ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി. പേപ്പർ മെഷീൻ പ്ലാന്‍റ്, ഡി-ഇൻകിങ് പ്ലാന്‍റ്, പവർ ബോയിലർ പ്ലാന്റുകൾ എന്നിവ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം ആരംഭിക്കാവുന്ന നിലയിലെത്തി. വുഡ് പൾപ്പിങ് സ്ട്രീമുകൾ വീണ്ടും കമീഷൻ ചെയ്യാനുള്ള രണ്ടാംഘട്ടം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ മെക്കാനിക്കൽ പൾപ്പിങ് പ്ലാന്‍റ് കെമിക്കൽ പൾപ്പിങ് പ്ലാന്‍റ്, കെമിക്കൽ റിക്കവറി പ്ലാന്‍റുകൾ എന്നിവ ഉൽപാദനത്തിന് തയാറാകും. ഈ വർഷം ഒക്‌ടോബറോടെ പൂർണതോതിലുള്ള വാണിജ്യ ഉൽപാദനം ആരംഭിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. 154.4 കോടി രൂപയാണ് ആദ്യ രണ്ടുഘട്ടങ്ങൾക്കായി ചെലവഴിക്കുന്നത്. യോഗത്തിൽ വൈദ്യുതി ബോർഡ് ചെയർമാൻ ബി. അശോക്, കെ.പി.പി.എൽ സ്പെഷൽ ഓഫിസർ പ്രസാദ് ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.