എസ്.എസ്.എല്‍.സി: ചരിത്രനേട്ടം ആവര്‍ത്തിച്ച് പാലാ

പാലാ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ചരിത്രനേട്ടം ആവര്‍ത്തിച്ച് പാലാ വിദ്യാഭ്യാസ ജില്ല. തുടര്‍ച്ചയായി രണ്ടാംവര്‍ഷവും സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കാന്‍ പാലാ വിദ്യാഭ്യാസ ജില്ലക്കായി. 99.94 ശതമാനം വിജയശതമാനമാണ് പാലാക്കുള്ളത്. 2019ല്‍-99.60 ശതമാനവും 2020ല്‍- 99.83 ശതമാനവും 2021ല്‍- 99.97 ശതമാനവും വിജയശതമാനം ഉയര്‍ത്താന്‍ പാലാ വിദ്യാഭ്യാസ ജില്ലക്കായി. 47 സ്‌കൂളുകളില്‍നിന്ന്​ 3343 കുട്ടികളാണ് വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയത്. ഇവരില്‍ 3341 കുട്ടികള്‍ ഉന്നതപഠനത്തിന് അര്‍ഹരായി. 45 സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷ എഴുതിച്ച പാലാ സെന്റ് മേരീസ് ഹൈസ്‌കൂളിനും (252 കുട്ടികള്‍), ഏറ്റവും കുറച്ച് കുട്ടികളെ പരീക്ഷക്കിരുന്ന ഏറ്റുമാനൂര്‍ ഇ.എന്‍.ആര്‍ എച്ച്.എസ്.എസ് സ്‌കൂളിനും (നാലു കുട്ടികള്‍) ഇത്തവണ 100 ശതമാനം വിജയം കൊയ്യാനായി. എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നതിനിടെ ഏറ്റുമാനൂരില്‍ ഒരു വിദ്യാർഥി വെള്ളത്തില്‍ മുങ്ങിമരിച്ചിരുന്നു. ഒരുവിഷയം എഴുതാത്തതിനാല്‍ കുട്ടി പരാജയപ്പെട്ടു. ശേഷിച്ച ഒരുകുട്ടി മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹനാകാതിരുന്നത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 481കുട്ടികളാണ് വിദ്യാഭ്യാസ ജില്ലയിലുള്ളത്. പാലാ മഹാത്മാഗാന്ധി ഗവ. എച്ച്.എസ്, 11പേരില്‍ 6 എ-പ്ലസ് നേടിയ ഇടക്കോലി ഗവ. എച്ച്.എസ് ഉള്‍പ്പെടെ ആറ്​ സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി. കൂട്ടായ്മയുടെ വിജയമാണ് പാലാക്ക് ലഭിച്ചതെന്ന് പാലാ വിദ്യാഭ്യാസ ജില്ല ഓഫിസര്‍ കെ. ജയശ്രീ പറഞ്ഞു. ഇത്തവണയും ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലയായി പാലാ മാറിയതില്‍ അഭിമാനമുണ്ടെന്ന് മാണി സി.കാപ്പന്‍ എം.എല്‍.എ പറഞ്ഞു. മികച്ചവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക്​ എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡും സ്‌കൂളുകള്‍ക്ക്​ പ്രത്യേക പുരസ്‌കാരവും നല്‍കുമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.