പണിതീരാതെ പഞ്ചായത്ത് മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ്

പൊൻകുന്നം: ദേശീയപാതയോരത്ത് പൊൻകുന്നം ടൗണിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിന്‍റെ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിന്‍റെ നിർമാണം മൂന്നുവർഷമായിട്ടും പൂർത്തിയായില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 2019ൽ ആദ്യം തറക്കല്ലിട്ട് മേയിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങളാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുന്നത്. ഭരണസമിതിയുടെ കാലവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയെങ്കിലും നിർമാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കുവാൻ ഇതുവരെ സാധിച്ചിട്ടില്ല. ദേശീയപാതയോരത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് ഷോപ്പിങ് കോംപ്ലക്‌സ് നിർമിക്കുന്നത്. മൂന്ന് നിലകളുള്ള കെട്ടിടം 2,59,000 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സമുച്ചയമാണ് നിർമിക്കുന്നത്. 52 മുറികളും മൂന്ന്​ നിലകളിൽ ഹാളും വിശാലമായ പാർക്കിങ് സ്ഥലവും പുതിയ സമുച്ചയത്തിൽ രൂപകൽപന ചെയ്തിട്ടുണ്ട്. താഴത്തെ നില 748.8 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ്. ഒന്നാംനില 777.56 ചതുരശ്ര മീറ്ററിലും രണ്ടാംനില 863.35 ചതുരശ്ര മീറ്ററിലുമാണ് നിർമിക്കുന്നത്. അഞ്ചുകോടിയാണ് കെട്ടിട നിർമാണത്തിന് വകയിരുത്തിയിരിക്കുന്നത്. ഉദ്ഘാടനത്തിനുശേഷം ബാക്കി പണി അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു. ഷോപ്പിങ്​ കോംപ്ലക്‌സ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് നേതൃത്വം ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഉടനെങ്ങും പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന വേഗത്തിലല്ല നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അടുത്തകാലത്ത് നിർമാണ പ്രവൃത്തി പുനരാരംഭിച്ചെങ്കിലും കാര്യമായ ഒന്നും നടക്കുന്നില്ല. പണി പൂർത്തിയായി ലേലനടപടികളിലേക്ക് കടക്കുന്നതിൽ പ്രതീക്ഷയർപ്പിച്ചാണ് പൊളിച്ചുനീക്കിയ ഷോപ്പിങ്​ കോംപ്ലക്‌സിലെ വ്യാപാരികളടക്കം കാത്തിരിക്കുന്നത്. KTL VZR 1 Shopping Complex ചിത്രവിവരണം പൊൻകുന്നം ടൗണിലെ പണിതീരാത്ത ചിറക്കടവ് പഞ്ചായത്ത് മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിന്‍റെ പുതിയ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.