പാറത്തോട് ബാങ്കില്‍ ബോര്‍ഡ് മെംബര്‍ രാജിവെച്ചു

must കാഞ്ഞിരപ്പള്ളി: ഇടതുമുന്നണിയിലെ കേരളകോണ്‍ഗ്രസ് എം ഭരിക്കുന്ന പാറത്തോട് സർവിസ് സഹകരണബാങ്കില്‍ പാര്‍ട്ടിയിലെ ജോണിക്കുട്ടി മഠത്തിനകം രാജിവെച്ചതോടെ ബാങ്കിൽ ഭരണകക്ഷി ന്യൂനപക്ഷമായി. ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയായ മുസ്​ലിം ലീഗ് അംഗം ജലാല്‍ പൂതക്കുഴി ജോണിക്കുട്ടിക്കെതിരെ പരാതിയുമായി സഹകരണ വകുപ്പിനെ സമീപിച്ചതോടെയാണ്​ രാജിവെച്ചത്​. എന്നാല്‍, അയോഗ്യത നടപടി വരുന്നതിനു മുമ്പ് രാജിവെച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തടസ്സമില്ല. അതാണ് ജോണിക്കുട്ടി രാജിവെക്കാന്‍ തയാറായത്. പാര്‍ട്ടി നിർദേശമനുസരിച്ചാണ് രാജിയെന്ന്​ പറയുന്നു. കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ നിന്നപ്പോഴാണ് ബാങ്ക് തെരഞ്ഞെടുപ്പ്​ നടന്നത്. യു.ഡി.എഫ് ധാരണ അനുസരിച്ചാണ് ആദ്യം ടേം കേരളകോണ്‍ഗ്രസിന്​ പ്രസിഡന്‍റ്​ സ്ഥാനവും മുസ്​ലിം ലീഗിന് വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കിയത്. എന്നാല്‍, കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫില്‍ എത്തിയതോടെ ബാങ്ക് പ്രവര്‍ത്തനവും എല്‍.ഡി.എഫിന്റേതാവുകയായിരുന്നു. കേരള കോണ്‍ഗ്രസിലെ തോമസ് കട്ടക്കനാണ് പ്രസിഡന്റ്. പതിനൊന്നംഗ സമിതിയില്‍ കേരളകോണ്‍ഗ്രസിന് നാല് അംഗങ്ങളായിരുന്നു. ഇപ്പോള്‍ ഒരംഗം രാജിവെച്ചതോടെ മൂന്നായി. എല്‍.ഡി.എഫില്‍ സി.പി.ഐക്കാണ് മറ്റൊരംഗം. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് മൂന്നംഗങ്ങളില്‍ ഒരാള്‍ മുമ്പ്​ അയോഗ്യനായിരുന്നു. മറ്റൊരു ബാങ്കില്‍ അംഗത്വം ഉള്ളതിന്‍റെ പേരില്‍ അയോഗ്യനാക്കുകയായിരുന്നു. മുസ്​ലിം ലീഗ് രണ്ട്, കേരള കോണ്‍ഗ്രസ്​ ജോസഫ് ഒന്ന് എന്നതാണ് യു.ഡി.എഫിന്‍റെ മറ്റു കക്ഷികളുടെ നില. ബാങ്കില്‍ ഭരണകക്ഷിയിലെ പ്രമുഖ നേതാക്കള്‍ക്ക് 45 ലക്ഷം മുതല്‍ ഒരുകോടി വരെ കുടിശ്ശികയായിരിക്കുന്നത് ചര്‍ച്ചാവിഷയമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.