മുണ്ടക്കയത്ത് മിനി സിവിൽ സ്റ്റേഷൻ വരുന്നു

മുണ്ടക്കയം: പുത്തൻചന്തയിലെ പഞ്ചായത്ത്​ സ്ഥലത്ത്​ മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ തീരുമാനം. മുണ്ടക്കയത്തും പരിസരപ്രദേശങ്ങളിലും ചിതറിക്കിടക്കുന്ന സർക്കാർ ഓഫിസുകൾ ഒരു മേൽക്കൂരക്ക്​ കീഴിലേക്ക്​ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ്​ എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതെന്ന്​ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മുണ്ടക്കയം സബ് ട്രഷറി, ഐ.സി.ഡി.എസ്​ ഓഫിസ്, മുണ്ടക്കയം കൃഷിഭവൻ, ഗവ. വെറ്ററിനറി പോളിക്ലിനിക്, ഗവ. ഹോമിയോ ആശുപത്രി, വാട്ടർ അതോറിറ്റി സെക്​ഷൻ ഓഫിസ്, ഇലക്ട്രിസിറ്റി ബോർഡ് സെക്​ഷൻ ഓഫിസ് എന്നീ ഓഫിസുകളാണ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ കോൺഫറൻസ് ഹാൾ, പൊതുജനങ്ങൾക്ക് വിശ്രമമുറി, തുടങ്ങി അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ഭാവിയിൽ പുതിയ ഓഫിസുകൾ സ്ഥാപിക്കാനുള്ള സൗകര്യം സജ്ജമാക്കി മിനി സിവിൽ സ്റ്റേഷൻ രൂപകൽപന ചെയ്യാൻ ഉദ്ദേശിക്കുന്നതായും എം.എൽ.എ അറിയിച്ചു. ഇതുസംബന്ധമായി പ്ലാനും എസ്റ്റിമേറ്റും തയാറാക്കാൻ പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തഹസിൽദാർക്ക് നിർദേശം നൽകി. പുതിയ നിർദിഷ്​ട മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുന്നതിന് നിർദേശിക്കപ്പെട്ടിട്ടുള്ള വിവിധ വകുപ്പുകളോട് അവർക്ക് ആവശ്യമായ സൗകര്യം സംബന്ധിച്ച് 20നകം വിവരങ്ങൾ നൽകണം. 30നകം ഡിസൈനും പ്ലാനും എസ്റ്റിമേറ്റും തയാറാക്കാനും കൂടിയാലോചന യോഗത്തിൽ തീരുമാനിച്ചു. തുടർന്ന് ആവശ്യമായ തുക അനുവദിക്കുമെന്നും എം.എൽ.എ അറിയിച്ചു. സ്ഥലലഭ്യത ഉൾപ്പെടെ ആവശ്യമായ ഇതര ക്രമീകരണങ്ങൾ മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.