കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോം തുറന്നു

കോട്ടയം: റെയില്‍വേ സ്‌റ്റേഷനിലെ നവീകരിച്ച ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം തുറന്നു. ഒന്നാം ട്രാക്കിലൂടെ ട്രെയിൻ ഓടിത്തുടങ്ങി. ചൊവ്വാഴ്ച രാവിലെ ആറിന്​ എറണാകുളം ഭാഗത്തേക്കുള്ള ചരക്കുവണ്ടിയാണ് ആദ്യം പോയത്​. 6.25നുള്ള കൊല്ലം- എറണാകുളം മെമുവായിരുന്നു ആദ്യ യാത്രാവണ്ടി. തുടർന്ന്​ വടക്കോട്ടുള്ള ട്രെയിനുകളെല്ലാം ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനോട്​ ചേര്‍ന്ന ട്രാക്കിലൂടെയാണ്​ കടന്നുപോയത്. ഇതോ​ടെ ട്രെയിൻ യാത്രക്ക്​ കോട്ടയം റെയിൽ​വേ സ്​റ്റേഷനിലുണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു. ഒന്നാം പ്ലാറ്റ്​ഫോം അടച്ചിട്ടതിനാൽ ഇരട്ടപ്പാത നിർമാണം പൂർത്തിയാക്കിയതിന്‍റെ പ്രയോജനം യാത്രക്കാർക്ക്​ ലഭിച്ചിരുന്നില്ല. തിങ്കളാഴ്ച വൈകീട്ടുതന്നെ​ ട്രാക്കിന്‍റെ പണികൾ പൂർത്തീകരിച്ചിരുന്നു. പ്ലാറ്റ്​ഫോമിന്‍റെ തറയിൽ നിലവിൽ സ്ലാബ്​ ഇട്ട്​ യാത്രക്കാർക്ക്​ കടന്നുപോകാൻ തക്ക രീതിയിലാക്കിയിട്ടുണ്ട്​. കോണ്‍ക്രീറ്റിങ്, ടൈല്‍ പാകല്‍ തുടങ്ങിയ ജോലികള്‍ അവശേഷിക്കുന്നു. ഒന്ന് എ പ്ലാറ്റ്‌ഫോമിന്‍റെ നവീകരണ ജോലികളും ഉടൻ ആരംഭിക്കും. റെയിൽവേ സ്​റ്റേഷനിൽ പാർക്കിങ്​ ഫീസിന്‍റെ പേരിൽ കൊള്ള കോട്ടയം: റെയിൽവേ സ്​റ്റേഷനിൽ വാഹനപാർക്കിങ്​ ഫീസിന്‍റെ പേരിൽ കൊള്ളയെന്ന്​ പരാതി. ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്​ സംബന്ധിച്ചാണ്​ പരാതി ഉയർന്നിട്ടുള്ളത്​. ഒരു ദിവസം ബൈക്ക്​ പാർക്ക്​ ചെയ്യാൻ​ 30 രൂപയാണ്​ ഫീസ്​. സ്ഥിരം പാർക്ക്​ ചെയ്യുന്നവർക്ക്​ ഇളവുണ്ട്​. 20 രൂപയാണ്​ അത്തരക്കാരിൽനിന്ന്​ വാങ്ങുന്നത്​. വെള്ളിയാഴ്ച വൈകീട്ട്​ ബൈക്ക്​ വെച്ച്​ തിങ്കളാഴ്ച രാവിലെ എടുക്കുമ്പോൾ 100 രൂപയാണ്​ വാങ്ങുന്നത്​. രണ്ടര ദിവസം വെക്കുന്നതിന്​ മൂന്നുദിവസത്തെ ഫീസ്​ ഈടാക്കിയാൽപോലും 90 രൂപ നൽകിയാൽ മതി. പുതിയ പാർക്കിങ്​ സംവിധാനം വന്നശേഷമാണ്​ ഈ കൊള്ളയെന്ന്​ യാത്രക്കാർ പറയുന്നു. അത്യാവശ്യത്തിന്​ റെയിൽവേ സ്റ്റേഷനിലെത്തിയാൽ മറ്റെവിടെയെങ്കിലും ഇരുചക്രവാഹനം നിർത്തിയിടാൻ സെക്യൂരിറ്റി സമ്മതിക്കില്ല. ഒന്നിലേറെ നിലകളുള്ള പാർക്കിങ്​ സംവിധാനത്തിലേക്ക്​ കയറ്റിവെക്കാൻ പറയും. പലപ്പോഴും ഓടിച്ച്​ മുകളിൽ ചെല്ലുമ്പോൾ അവിടെ സ്ഥലമില്ലാതെ മടങ്ങേണ്ടതായും വരാറുണ്ട്​. യാത്രാസൗകര്യത്തിന്​ സ്ഥിരമായി സ്​റ്റേഷനിൽ ബൈക്ക്​ വെച്ചുപോകുന്നവർക്കാണ്​ ദുരിതമേറെ. പെട്രോൾ വില വർധന​ താങ്ങാനാവാത്തതിനാലാണ്​​​ പലരും ട്രെയിനിനെ ആശ്രയിക്കുന്നത്. ഒരു മാസത്തേക്ക്​ തുക അടച്ച്​ പാർക്കിങ്ങിന്​ സംവിധാനമു​ണ്ടെങ്കിലും കോട്ടയം സ്​റ്റേഷനിൽ ലഭ്യമാകുന്നില്ലെന്ന്​ യാത്രക്കാർ പറയുന്നു. തൊടുന്യായങ്ങൾ പറഞ്ഞ്​ ഒഴിവാക്കുകയാണെന്നാണ്​ പരാതി. ഇതുസംബന്ധിച്ച്​ യാത്രക്കാരനും കോട്ടയം സ്വദേശിയുമായ അഭിലാഷ്​ ചാമക്കാല കോട്ടയം റെയിൽവേസ്​റ്റേഷൻ മാസ്റ്റർക്ക്​ രേഖാമൂലം പരാതി നൽകി. അടുത്തിടെയാണ്​ റെയിൽവേസ്​റ്റേഷനിൽ ഇരുചക്രവാഹനങ്ങൾക്ക്​ പുതിയ പാർക്കിങ്​ സംവിധാനം വന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.